ChuttuvattomIdukkiThodupuzha

ജില്ലയില്‍ ഡെങ്കിപ്പനി ബാധിതര്‍ വര്‍ധിക്കുന്നു;പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

തൊടുപുഴ: ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ മാസം ഇതുവരെ 21 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്നവരുടെ എണ്ണം 91 ആയി. ഇടവിട്ടുള്ള മഴയെത്തുടര്‍ന്ന് ജില്ലയില്‍ പനിബാധിതരുടെ എണ്ണം കൂടിയതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

കൊതുക് നശീകരണം മുഖ്യം

ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വളരാനുള്ള സാഹചര്യം വര്‍ധിപ്പിക്കും. ഈഡിസ് കൊതുക് പകല്‍ സമയങ്ങളിലാണു കടിക്കുന്നത്. ഈ സമയം ആളുകള്‍ പുറത്തായതിനാല്‍ രോഗം പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍.മനോജ് പറഞ്ഞു.
പനി ഉണ്ടായാല്‍ എത്രയും വേഗം ചികിത്സ തേടണം. സ്വയംചികിത്സ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷണങ്ങള്‍ അവഗണിക്കരുത്

പനി, ശരീരക്ഷീണം, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, വിശപ്പില്ലായ്മ, ഓക്കാനവും ഛര്‍ദിയും എന്നിവ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. വൈറസ് രോഗമായതിനാല്‍ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗ ലക്ഷണങ്ങള്‍ക്കനുസരിച്ച് ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്.

പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി

ഡെങ്കിപ്പനി വ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം, ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

വൈറല്‍പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചു

ജില്ലയില്‍ വൈറല്‍പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പനിയെത്തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്നലെ ചികിത്സ തേടിയത് 453 പേര്‍. ഈ മാസം 6045 പേര്‍ പനി ബാധിച്ച് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദം എന്നിവയില്‍ എത്തിയവരുടെ എണ്ണം കൂടി നോക്കിയാല്‍ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും. ജില്ലയില്‍ കഴിഞ്ഞ ദിവസം രണ്ടു പേര്‍ക്ക് ചിക്കന്‍പോക്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!