ChuttuvattomIdukkiThodupuzha

ജില്ലയിലെ ഡെങ്കിപ്പനി സാധ്യതാ സ്ഥലങ്ങൾ പ്രസിദ്ധീകരിച്ചു

ഇടുക്കി: ജില്ലയിൽ ആരോഗ്യ വകുപ്പ് ആഴ്ചതോറും നടത്തുന്ന വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആഴ്ചയിലെ ഹൈ റിസ്ക് ഹോട്ട്സ്പോട്ടുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തൊടുപുഴ നഗരസഭയിലെ കുമ്മങ്കല്ല് , ചക്കുപള്ളം പഞ്ചായത്തിലെ 3, 4 വാർഡുകൾ,കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ, കാന്തല്ലൂർ പഞ്ചായത്തിലെ കാന്തല്ലൂർ , കട്ടപ്പന നഗരസഭയിലെ തൂങ്കുഴി എന്നിവിടങ്ങളാണ് കഴിഞ്ഞ ആഴ്ച കണ്ടെത്തിയ പ്രധാന ഹോട്ട്സ്പോട്ടുകൾ. ഈ സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. അതിനാൽ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്ന് ജനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.

വീടിനകത്തും , പുറത്തും ,പറമ്പുകളിലും മഴവെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ, റബർ ടാപ്പിംഗ് ചിരട്ടകൾ, കൊക്കോ തോടുകൾ, കമുകിന്റെ പോളകൾ, വീടിന്റെ സൺ ഷെയ്ഡുകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ ഉപയോഗ ശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒരു സ്പൂണിൽ താഴെ വെള്ളം ഒരാഴ്ച തുടർച്ചയായി വെള്ളം കെട്ടിനിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാകും.അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ശ്രദ്ധ നൽകണം.മുട്ടയിൽ നിന്നും കൊതുക് രൂപത്തിലേക്ക് എത്തുന്നതിന് ഒരാഴ്ചയോളം സമയമെടുക്കും.അതിനാൽ ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആചരിക്കണമെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജോസഫ് എന്നിവർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!