IdukkiThodupuzha

എ.ബി.സി സെന്ററുകള്‍ നായ വളര്‍ത്തല്‍ കേന്ദ്രങ്ങളല്ല: മൃഗസംരക്ഷണ വകുപ്പ്

തൊടുപുഴ:  തെരുവുനായ്ക്കളില്‍ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതിന് എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അഭ്യര്‍ത്ഥിച്ചു.തെരുവുനായ ശല്യം രൂക്ഷമായിരിക്കുമ്പോഴും മറ്റു ജില്ലകളിലേതു പോലെ ഒരു എ.ബി.സി സെന്റര്‍ പോലും നിലവില്‍ ഇടുക്കി ജില്ലയിലില്ല.

പുതിയ എബിസി സെന്റര്‍ തുടങ്ങുന്നതിനായി നെടുങ്കണ്ടം, മൂന്നാര്‍, കുമളി, തൊടുപുഴ മുതലായ പ്രദേശങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും എ.ബി.സി സെന്ററിനെ നായ വളര്‍ത്തല്‍-സംരക്ഷണ കേന്ദ്രം എന്ന് തെറ്റിദ്ധരിച്ച് വന്‍തോതില്‍ ജനങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടി വന്നു. തെരുവുനായ ശല്യത്തിന് നിയമപരവും ശാശ്വതവുമായ പരിഹാരം എ.ബി.സി സെന്ററാണ്. കോട്ടയം പോലെയുള്ള ജില്ലകളില്‍ എ.ബി.സി സെന്റര്‍ നഗരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

എ.ബി.സി സെന്ററിനേക്കാള്‍ കൂടുതല്‍ സര്‍ജറികളും മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്ന ഇടുക്കി ജില്ലാ വെറ്റിനറി കേന്ദ്രം തൊടുപുഴ നഗര മധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലായിട്ട് പോലും പൊതുജനങ്ങള്‍ക്ക് യാതൊരുവിധ ശല്യവും ഇല്ലാതെയാണ് പ്രസ്തുത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി നാടിന്റെ സമഗ്ര പുരോഗതിയും തെരുവുനായ്ക്കളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് എ.ബി.സി സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കണം.

എ.ബി.സി സെന്ററുകളില്‍ തെരുവുനായ്ക്കളെ സ്ഥിരമായി പാര്‍പ്പിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടി കൊണ്ടുവരുന്ന നായ്ക്കളെ ഇവിടെയെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പും നല്‍കി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പിടികൂടിയ അതേ സ്ഥലത്ത് തന്നെ തിരിച്ചുവിടുന്നതാണ് എ.ബി.സി സെന്ററുകളുടെ പ്രവര്‍ത്തനം. അത്യാധുനിക രീതിയിലുള്ള ഓപ്പറേഷന്‍ യൂണിറ്റും മാലിന്യനിര്‍മാര്‍ജന യൂണിറ്റും ഉള്‍പ്പെടുന്നതാണ് എ.ബി.സി സെന്റര്‍. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന ആശങ്കയ്ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!