KudayathoorLocal Live

കനത്ത വേനലിലും കുടയത്തൂരില്‍ കുടിവെള്ളം പാഴാകുന്നു

കുടയത്തൂര്‍ : പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ജലവിതരണ പൈപ്പ് പൊട്ടി വലിയതോതില്‍ കുടിവെള്ളം പാഴാകുന്നു. കനത്ത വേനലില്‍ കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം കുടി വെള്ളം പാഴായി പോകുന്നത്. ജലവിതരണ പൈപ്പിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാലും അത് കൃത്യ സമയത്ത് പരിഹരിക്കുവാനായി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും വിവിധയിടങ്ങളില്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് വെറുതെ ഒഴുകി പോകുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ജലവിതരണ പൈപ്പിന്റെ തകരാര്‍ പരിഹരിക്കുവാന്‍ കരാര്‍ എടുത്തിട്ടുള്ളവര്‍ക്ക് മുന്‍കാലങ്ങളില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ പണം ലഭിക്കുവാനുണ്ട്. ചെയ്ത ജോലികളുടെ തുക കുടിശിക ആയതോടെ പല കരാറുകാരും പൈപ്പുകളിലെ നിലവിലെ തകരാര്‍ പരിഹരിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ശരംകുത്തിയില്‍ സംസ്ഥാന പാതയോരത്ത് ജലവിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ആര്‍ക്കും ഉപകാരമില്ലാതെ നഷ്ടമാകുന്നത്. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ജലവിതരണ പൈപ്പുകളിലെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!