Kerala

മന്ത്രിക്കെതിരെ പോര്‍മുഖം തുറന്ന് ഡ്രൈവിംഗ് സ്‌കൂളുകള്‍ ; വ്യാപക പ്രതിഷേധം, ടെസ്റ്റ് നിര്‍ത്തിവെച്ചു, പരിഷ്‌കരണം പാളി

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ നടപ്പാക്കാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പായില്ല. ഡ്രൈവിംഗ് ടെസ്റ്റ് സ്‌കൂളുകള്‍ ബഹിഷ്‌കരിച്ചതോടെ എവിടെയും ടെസ്റ്റ് നടന്നില്ല. പലയിടത്തും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ടെസ്റ്റ് നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധം കണ്ട് പിന്‍വാങ്ങില്ലെന്നും പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്നുമാണ് മന്ത്രി കെബി ഗണേഷ്‌കുമാറിന്റെ പ്രതികരണം. പലയിടത്തും ഗ്രൗണ്ട് അടച്ചുകെട്ടിയ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ വാഹനങ്ങള്‍ കടത്തിവിട്ടില്ല. അപ്രായോഗിക നിര്‍ദേശമെന്നും നടപ്പാക്കാനാകില്ലെന്നുമാണ് ഡ്രൈവിങ് സ്‌കൂളുകാരുടെ നിലപാട്. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടത്തും ടെസ്റ്റ് നടത്താനാകാതെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തിരികെ പോയി. പലയിടത്തും മന്ത്രിയുടെ അപ്രായോഗിക നിര്‍ദേശങ്ങള്‍ക്കെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെയും തുറന്നടിച്ചു. വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത സമരസമിതിയുടെ ആവശ്യം.

എന്നാല്‍, പ്രതിദിനം 60പേര്‍ക്ക് ടെസ്റ്റ് നടത്തുന്നതിനായി പുതുക്കിയ സര്‍ക്കുലര്‍ ഇറക്കാത്തതില്‍ ആര്‍ടിഒമാര്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. പ്രതിദിനം 30പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള സര്‍ക്കുലറാണ് നിലവിലുള്ളത്. ഈ വിവാദ സര്‍ക്കുലര്‍ നിലനില്‍ക്കെ വാക്കാല്‍ മാത്രമാണ് ഇളവുകള്‍ മന്ത്രി നിര്‍ദേശിച്ചതെന്നും ഉത്തരവായി ഇറക്കിയിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഫെബ്രുവരി മാസത്തെ സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോള്‍ പുതിയ ഉത്തരവ് നിയമവിരുദ്ധമാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 60 പേര്‍ക്ക് ടെസ്റ്റ് നടത്താനുള്ള വാക്കാല്‍ നിര്‍ദ്ദേശം പാലിക്കേണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. നേരത്തെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഡ്രൈവിംഗ് ടെസ്റ്റ് 50 ആക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശിച്ച മന്ത്രി പിന്നീട് തള്ളി പറഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തോടെ മന്ത്രിയും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കവും ഇതോടെ രൂക്ഷമായി.

Related Articles

Back to top button
error: Content is protected !!