Thodupuzha

ഇടുക്കിയിലെ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ; അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയുടെ പദയാത്ര ജനുവരി 13 മുതൽ 23 വരെ

തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാത്തതിലും, കരുതൽ മേഖല വിഷയത്തിലും പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.നയിക്കുന്ന പദയാത്ര ജനുവരി 13 മുതൽ 23 വരെ ജില്ലയിൽ നടക്കുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വന്യമൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും കർഷകർക്ക് സംരക്ഷണം നൽകുക, നാണ്യവിളകളുടെ വിലയിടിവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പദയാത്ര നടത്തുന്നത്. ജനുവരി 13-ന് കുമളിയിൽ നിന്നും ആരംഭിക്കുന്ന പദയാത്ര 23-ന് അടിമാലിയിൽ സമാപിക്കും.
കരുതൽ മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. 2013-ൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് മാത്രമേ കരുതൽ മേഖല സാധ്യമാകൂ എന്ന യു.ഡി.എഫ്. സർക്കാരിന്റെ തീരുമാനത്തിന്മേൽ കേന്ദ്ര വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ട റിപ്പോർട്ടുകൾ നൽകാതിരുന്നത് സംസ്ഥാന സർക്കാരിന്റെയും എം.പി.യായിരുന്ന ജോയ്‌സ് ജോർജിന്റെയും ആത്മാർഥതയില്ലായ്മയുടെ തെളിവാണ്. അന്ന് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിൽ കരുതൽ മേഖല വിഷയം കേരളത്തിൽ ശാശ്വതമായി പരിഹരിക്കപ്പെടുമായിരുന്നു.
കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുന്നതിന് ഭൂനിയമം ഭേദഗതി ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന്റെ മൂന്നാം വാർഷികം പിന്നിട്ടിരിക്കുകയാണ്. ത്രിതല പഞ്ചായത്തുകൾ നിർമിച്ചിരിക്കുന്ന ആതുരാലയങ്ങൾ, കുടിവെള്ള പദ്ധതികൾ എന്നിവയൊക്കെ വൈദ്യുതി കണക്ഷന് എൻ.ഒ.സി. ലഭിക്കാത്തതുകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. പാവപ്പെട്ട ആളുകളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണിതിരിക്കുന്ന വീടുകൾക്ക് പോലും വെള്ളം നൽകുന്നില്ല. പുതിയ സംരംഭങ്ങളൊന്നും ജില്ലയിൽ ആരംഭിക്കുവാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ഭൂനിയമം അടിയന്തിരമായി ഭേദഗതി ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ പ്രൊഫ.എം.ജെ.ജേക്കബ്, ഡി.സി.സി. പ്രസിഡൻറ് സി.പി.മാത്യു, എം.എസ്.മുഹമ്മദ്, കെ.എ.കുര്യൻ, എം.കെ.പുരുഷോത്തമൻ, എൻ.ഐ.ബെന്നി, അഡ്വ. ജോസഫ് ജോൺ, അഡ്വ.ജോസി ജേക്കബ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!