Kerala

ഇ-കെവൈസി മസ്റ്ററിംഗ് : സംസ്ഥാനത്ത് മൂന്ന് ദിവസം റേഷന്‍ കടകള്‍ അവധി

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിംഗ് 15, 16, 17 തീയതികളില്‍ നടത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ഇ-കെവൈസി മസ്റ്ററിംഗുമായി ബന്ധപ്പെട്ട് കാര്‍ഡുടമകള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് മസ്റ്ററിംഗ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. എല്ലാ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്. രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് റേഷന്‍കടകള്‍ക്ക് സമീപമുള്ള അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സ്ഥല സൗകര്യമുള്ള റേഷന്‍കടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് നടത്തും. മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകളിലൂടെ മാത്രമെ മസ്റ്ററിംഗ് നടത്താന്‍ സാധിക്കുകയുള്ളു. അതിനാല്‍ റേഷന്‍ വിതരണം ഈ ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് ജി.ആര്‍. അനില്‍ വ്യക്തമാക്കി.

അപ്‌ഡേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്‌സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുതില്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. താലൂക്ക് സപ്ലൈ ഓഫീസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അപ്‌ഡേഷന്‍ സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഏത് റേഷന്‍ കടകളിലും ഏതൊരു മുന്‍ഗണനാ കാര്‍ഡുകാര്‍ക്കും മസ്റ്ററിംഗ് നടത്താവുന്നതാണ്. പ്രസ്തുത തീയതികളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം ഇതിനു വേണ്ടി സൗകര്യം ഒരുക്കും. കിടപ്പു രോഗികള്‍, സ്ഥലത്ത് ഇല്ലാത്തവര്‍, ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്ത കുട്ടികള്‍, വിരലടയാളം പതിയാത്തവര്‍ എന്നിവര്‍ക്ക് മസ്റ്ററിംഗിന് പിന്നീട് അവസരം ഉണ്ടായിരിക്കും എന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!