Thodupuzha

എക്കോ സെന്‍സിറ്റീവ്‌ സോണ്‍: ഇരുമുന്നണികളും ജനങ്ങളെ കബിളിപ്പിക്കുകയാണെന്നു ബി.ജെ.പി

തൊടുപുഴ: എക്കോ സെന്‍സിറ്റീവ്‌ സോണ്‍ വിഷയത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും പൊതുജനത്തെ കബളിപ്പിക്കുകയാണെന്ന്‌ ബി.ജെ.പി സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ കുര്യന്‍.2019-ഒകേ്‌ടാബര്‍ 23ന്‌ ചേര്‍ന്ന സംസ്‌ഥാന മന്ത്രി സഭയോഗമാണ്‌ ഒരു കിലോമീറ്റര്‍ ദൂരപരിധി ആക്കുവാന്‍ തീരുമാനിച്ചത്‌. ആ തീരുമാനം തിരുത്തി കോടതിയോടും ജനത്തോടും സര്‍ക്കാര്‍ മാപ്പുപറയണമെന്ന്‌ ജോര്‍ജ്‌ കുര്യന്‍ തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഈ വിധി കര്‍ഷകര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതാണന്നും സംസ്‌ഥാന സര്‍ക്കാരുകള്‍ വിധിയുടെ അടിസ്‌ഥാനത്തില്‍ ഇളവുകള്‍ക്ക്‌ അപേക്ഷ നല്‍കേണ്ടതാണന്നും കേന്ദ്ര പരിസ്‌ഥിതി വകുപ്പ്‌ മന്ത്രി ഭൂപേന്ദ്ര യാദവ്‌ 2022 ഓഗസ്‌റ്റ്‌ 3ന്‌ പാര്‍ലമെന്റില്‍ പറഞ്ഞിട്ടുള്ളതാണ്‌. സെപ്‌റ്റംബര്‍ 8ന്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്‌ത്‌ കര്‍ഷകര്‍ക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിച്ചു. എന്നാല്‍ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണ മേനോന്‍ കമ്മിറ്റിയും ഉപഗ്രഹ സര്‍വേയും പ്രഖ്യാപിച്ച്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്‌ ഇടത്‌ സര്‍ക്കാര്‍ ചെയ്‌തിട്ടുള്ളത്‌. ഇടത്‌ സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ കൊണ്ട്‌ നാല്‌ ലക്ഷം ഏക്കര്‍ കൃഷി ഭൂമിയും ഒന്നര ലക്ഷം വീടുകളും ആശങ്കയിലാണ്‌. കേന്ദ്രത്തിനെതിരെ മത്സരിച്ച്‌ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന ഇടത്‌ – വലത്‌ മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ജോര്‍ജ്‌ കുര്യന്‍ ആരോപിച്ചു.

യു.പി.എ സര്‍ക്കാര്‍ 2011 ഫെബ്രുവരി 9ന്‌ പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ എക്കോസെന്‍സിറ്റീവ്‌ സോണ്‍ 10 കിലോമീറ്റര്‍ ആക്കണമെന്നാണ്‌ നിര്‍ദേശിച്ചിട്ടുള്ളത്‌. അതേ കോണ്‍ഗ്രസ്‌ ബി.ജെ.പിക്കെതിരെ ജില്ലയില്‍ ഹര്‍ത്താലുകള്‍ നടത്തിയത്‌ അവരുടെ ജനവിരുദ്ധ സമീപനത്തെയാണ്‌ കാണിക്കുന്നത്‌. കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഒരു കര്‍ഷകന്റെയും ഭൂമിയോ വീടോ നഷ്‌ടപ്പെടുത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

എക്കോസെന്‍സിറ്റീവ്‌ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പം നിന്നുകൊണ്ട്‌ 2023 ജനുവരി 15 ന്‌ ഏകദിന ഉപവാസ സമരവും 20 മുതല്‍ നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. പത്രസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ കെ.എസ്‌. അജി, മധ്യമേഖല പ്രസിഡന്റ്‌ എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍. സുരേഷ്‌ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!