IdukkiThodupuzha

വൈദ്യുതി; ജില്ലയുടെ കുടിശ്ശിക 102.91കോടി

തൊടുപുഴ: വൈദ്യുതി നിലയങ്ങളുടെയും ഉല്‍പാദനത്തിന്റെയും നാടായ ജില്ലയില്‍നിന്ന് കെ.എസ്.ഇ.ബിക്ക് കുടിശ്ശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ളത് 102.91 കോടി.ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നാണ് ഇത്രയും തുക കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്ക് പ്രകാരമാണ് 102.91 കോടിയുടെ കുടിശ്ശിക. അതിന് ശേഷമുള്ള മൂന്നുമാസത്തെ കണക്കുകൂടി പരിഗണിക്കുമ്‌ബോള്‍ തുക ഇനിയും ഉയരും. കുടിശ്ശികയില്‍ പലതും വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്ന് കുടിശ്ശിക ഈടാക്കാന്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതടക്കം കടുത്ത നടപടി സ്വീകരിക്കുന്ന ബോര്‍ഡിന് പൊതുസ്ഥാപനങ്ങള്‍ നല്‍കാനുള്ള നൂറ് കോടിയിലിധകം രൂപ ഇനിയും പിരിച്ചെടുക്കാനായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുടിശ്ശിക വരുത്തിയവരില്‍ ഗാര്‍ഹിക ഉപഭോക്താക്കളും ഉണ്ടെങ്കിലും അവരുടെ വിഹിതം വളരെ കുറവാണ്. യഥാസമയം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെതിനാല്‍ ഉയര്‍ന്ന നിരക്ക് സംബന്ധിച്ച് തര്‍ക്കമുള്ള കേസുകളില്‍ ഒഴികെ ഈ വിഭാഗക്കാര്‍ തുകയടച്ച് തുടര്‍ നടപടികളില്‍നിന്ന് ഒഴിവാക്കുകയാണ് പതിവ്. വിവിധ ലീഗല്‍ ഫോറങ്ങളിലും കോടതികളിലും കുടിശ്ശികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതാണ് സ്ഥാപനങ്ങളില്‍നിന്ന് പണം ഈടാക്കാന്‍ തടസ്സമായി കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം കേസുകളില്‍ കോടതി തീര്‍പ്പ് കല്‍പ്പിച്ചാല്‍ മാത്രമേ കുടിശ്ശിക ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാകൂ എന്നാണ് ബോര്‍ഡിന്റെ നിലപാട്. വാട്ടര്‍ അതോറിറ്റി പോലുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ വന്‍ തുകയാണ് വൈദ്യുതി കുടിശ്ശിക ഇനത്തില്‍ ബോര്‍ഡിലേക്ക് അടക്കാനുള്ളത്. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബിയും സര്‍ക്കാറും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തീരുമാനം നീളുകയാണ്. കേരള ജല അതോറിറ്റി തൊടുപുഴ ഡിവിഷന്റെ കുടിശ്ശിക 4.84 കോടിയും കട്ടപ്പന ഡിവിഷന്റേത് 2.81 കോടിയുമാണ്. സമയബന്ധിതമായി പിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാത്തതാണ് കുടിശ്ശികതുക ഇത്രയും ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. വിഷയം കോടതിയിലെത്തിച്ച് വ്യവഹാരം നീട്ടിക്കൊണ്ടുപോയി കുടിശ്ശിക അടക്കാതെ രക്ഷപ്പെടുന്നവരും വന്‍കിടക്കാരുടെ ഇടയിലുണ്ട്. കുടിശ്ശിക പിരിവിലെ വീഴ്ചക്ക് ബോര്‍ഡിനെ അടുത്തിടെ രൂക്ഷമായി വിമര്‍ശിച്ച റെഗുലേറ്ററി കമീഷന്‍, ഇത് നിശ്ശബ്ദമായി കണ്ടുനില്‍ക്കാനാവില്ലെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു.

 

Related Articles

Back to top button
error: Content is protected !!