IdukkiLocal Live

വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി ; വേനല്‍ മഴയിലും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പുയരുന്നില്ല

ഇടുക്കി: വേനൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.

2333.72 അടിയായിരുന്നു വ്യാഴാഴ്ച രാവിലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമായിട്ടും വെള്ളിയാഴ്ച ജലനിരപ്പ് 2333.10 ലേക്ക് താഴ്ന്നു. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയതാണ് ജലനിരപ്പ് താഴാൻ കാരണം. ചൊവ്വാഴ്ച ആറ് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയിലെ വെള്ളം ഉപയാഗിച്ച് ഉത്പാദിപ്പിച്ചത്. ബുധനാഴ്ച 11.98 ദശലക്ഷവും വ്യാഴാഴ്ച 15.56 ദശലക്ഷവുമാക്കി. അഞ്ച് മാസമായി തകരാറിലായിരുന്ന ഒന്നാം നമ്പർ ജനറേറ്ററും ബുധനാഴ്ച പ്രവർത്തനം തുടങ്ങിയതോടെ ഉൽപ്പാദനം പൂർണതോതിലായി. വേനൽക്കാലത്ത് കേന്ദ്രവിഹിതമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി ലഭിച്ചിരുന്നു. മഴയെത്തിയതിനാൽ മെയ് അവസാനത്തോടെ ഇത് തിരികെ നൽകാൻ തുടങ്ങിയതിനാലാണ് ഉത്പാദനം കൂട്ടിയതെന്നാണ് കെഎസ്ഇബി പറയുന്നത്.

2022 ൽ 40 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. മഴ ശക്തമായതോടെ റൂൾ കർവ് പാലിക്കാൻ രണ്ട് തവണ ഷട്ടർ തുറക്കേണ്ട സാഹചര്യവുണ്ടായി. 32 ശതമാനത്തിലധികം വെള്ളം ഇപ്പോൾ ഇടുക്കിയിലുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 22.5 ശതമാനമാണുണ്ടായിരുന്നത്. അതായത് പത്ത് ശതമാനം കൂടുതലാണിപ്പോൾ. മൺസൂൺ എത്തുന്നതിന് മുൻപ് ജലനിരപ്പ് 2300 അടിയിലേക്ക് താഴ്ത്തി നിർത്തിയതിനാലാണ് കഴിഞ്ഞ വർഷം ഷട്ടറുകൾ തുറക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞത്. ഇത് ഇത്തവണയും ആവർത്തിക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!