Idukki

ജീവനക്കാരിയുടെ പരാതി : ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കേസ്

ചെറുതോണി : ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ജീവനക്കാരിയുടെ പരാതിയില്‍ ഇടുക്കി പോലീസ് കേസെടുത്തു. ഓഫീസ് മേധാവി ലൈംഗികച്ചുവയോടെ സംസാരിക്കുകയും പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ഡിപ്പാര്‍ട്ട്‌മെന്റ് തല ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. മറ്റു ജീവനക്കാരുടെ മുമ്പില്‍ തന്നെ വ്യക്തിപരമായി അപമാനിക്കുകയും സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്നതായും പരാതിയിലുണ്ട്. സെക്രട്ടറിയുടെ ദുഃസ്വഭാവം നേരിടുന്ന മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് പ്രസിഡന്റിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സ്റ്റാഫ് മീറ്റിംഗ് കൂടി ചര്‍ച്ച ചെയ്തെങ്കിലും ഇതിനുശേഷം കൂടുതല്‍ പീഡനങ്ങള്‍ ആരംഭിച്ചതായും ചെക്ക് ഒപ്പിടുവിക്കുന്നതിന് മുറിയിലെത്തിയപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു.

നിയമപരമായി അവധിക്ക് അപേക്ഷ നല്‍കിയെങ്കിലും തനിക്ക് മാത്രം അവധി നിഷേധിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അനധികൃതമായി ജോലിക്ക് ഹാജരാക്കാതിരുന്നതും അനുവാദമില്ലാതെ സംസ്ഥാനം വിട്ടുപോയതിലും നടപടിയെടുക്കാതിരിക്കാനുള്ള കള്ളപ്പരാതിയാണെന്നും സെക്രട്ടറി പറഞ്ഞു. അഞ്ചാം തീയതി ചെക്ക് ഒപ്പിടാന്‍ മുറിയില്‍ വന്നുവെന്നു പറയുന്നത് കളവാണ്. അന്ന് ചെക്ക് ഒപ്പിട്ടിട്ടില്ല. സംസ്ഥാനം വിട്ടുപോകുന്നതിനു മുമ്പ് നിയമപ്രകാരം മുന്‍കൂര്‍ അപേക്ഷ നല്‍കേണ്ടതാണ്. എന്നാല്‍ അത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടില്ല. അവധി ലഭിക്കാതെ പുറത്തു പോയതിനാല്‍ സര്‍വ്വീസ് ബ്രേക്കിനിടയാകും. ഇതിനെ പ്രതിരോധിക്കാനാണ് കള്ളപരാതിയെന്നും സെക്രട്ടറി പറഞ്ഞു.

മറ്റൊരു ജീവനക്കാരി വീട് നല്‍കിയതില്‍ ക്രമക്കേട് നടത്തിയതു സംബന്ധിച്ച് കോടതിയില്‍ ഒ.എസ്/13/2021 നമ്പരായി കേസുണ്ട്. ഇതിന് കോടതിയില്‍ സാക്ഷിപറഞ്ഞതിനാണ് പരാതിയുള്ളതെന്നും വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നവരോട് അകാരണമായി പെരുമാറിയതിന് നടപടിയെടുത്തതും വൈരാഗ്യത്തിനു കാരണമായി. ഇതെല്ലാം ഭരണസമിതിയുടെ നിര്‍ദേശ പ്രകാരമാണ് നടപ്പാക്കിയതെന്നും സെക്രട്ടറി പറഞ്ഞു. പോലീസിന് എല്ലാ വിവരങ്ങള്‍ക്കും വ്യക്തമായ രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു. കേസ് സംബന്ധിച്ച് അന്വേഷണമാരംഭിച്ചെന്നും വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷമേ നടപടിയുണ്ടാകുകയുള്ളൂവെന്നും ഇടുക്കി പോലീസ് പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!