ChuttuvattomCrimeThodupuzha

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നയാൾ തൊമ്മൻകുത്തിൽ എക്സൈസ് പിടിയിൽ

കരിമണ്ണൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് എറണാകുളത്തെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നയാൾ തൊമ്മൻകുത്തിൽ നിന്ന് എക്‌സൈസ് പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ കൊടുങ്ങല്ലൂർ മുപ്പത്തടം ബിനാനിപുരം പരങ്ങാട്ടുപറമ്പിൽ ഷിയാസിനെയാണ് (31) ഇടുക്കി എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. തൊമ്മൻകുത്ത് വിനോദ സഞ്ചാര കേന്ദ്രത്തിലെ പട്രോളിംഗിനിടയിൽ യാദൃശ്ചികമായി ഷിയാസിനെ കണ്ടപ്പോൾ എസ്‌കൈസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. വിവരങ്ങൾ തിരക്കിയ മഫ്തിയിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരോട് ഷിയാസ് കയർത്ത് സംസാരിച്ചു. ഇതോടെ ദേഹ പരിശോധന നടത്തി, ഈ സമയം ഒരു കൈയിൽ വിലങ്ങിന്റെ ഭാഗങ്ങൾ കണ്ടെത്തി.

 

തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ ബോദ്ധ്യപ്പെട്ടത്. എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ നെബു എ.സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജു പി.കെ, സിവിൽ എക്‌സൈസ് ഓഫീസർ വിഷ്ണുരാജ് കെ.എസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുരഭി, ഡ്രൈവർ ശശി പി.കെ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പിന്നാലെ കരിമണ്ണൂർ പൊലീസിന് കൈമാറി.ചൊവ്വാഴ്ചയാണ് ഷിയാസ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഉടൻ പൊലീസ് പിന്നാലെ എത്തിയെങ്കിലും വഴിയരികിൽ തക്കോൽ ഊരാതെ കണ്ട ബൈക്ക് മോഷ്ടിച്ച് പ്രതി കടന്ന് കളയുകയായിരുന്നു. ഇയാൾ മോഷണ കേസിലാണ് ജയിലിലായത്. മറ്റൊരു കേസിൽ ഹാജരാക്കാൻ കോടതിയിലെത്തിച്ചപ്പോഴാണ് സംഭവം. എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് ഇയാളുമായി മടങ്ങി.

Related Articles

Back to top button
error: Content is protected !!