Thodupuzha

വൈദ്യുതി ബില്ലില്‍ ക്രമാതീതമായ വര്‍ദ്ധനവ്: തൊടുപുഴ വൈദ്യുതി ഭവന് മുന്നില്‍ ഉപഭോക്താക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു

തൊടുപുഴ: വൈദ്യുതി ബില്ലിലെ ക്രമാതീതമായ വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ തൊടുപുഴ വൈദ്യുതി ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി തൊടുപുഴ നമ്പര്‍ വണ്‍ സെക്ഷന് കീഴിലെ വൈദ്യുതി ബില്ലില്‍ പത്ത് ഇരട്ടിയിലേറെ വര്‍ദ്ധനയുണ്ടായതാണ് പ്രതിഷേധത്തിനിടയാക്കിയത്. മുന്നൂറിലധികം ഉപഭോക്താക്കളാണ് വൈദ്യുതി ബില്ലില്‍ പത്തിരട്ടിയിലധികം രൂപായുടെ വര്‍ദ്ധനവ് ഉണ്ടായെന്ന പരാതിയുമായി ഇതിനോടകം കെ.എസ്.ഇ.ബിയെ സമീപിച്ചത്. കാരണത്തെകുറിച്ച് അന്വേഷണം തുടങ്ങിയെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ശരാശരി 2000 – 2500 രൂപ തോതില്‍ ബില്‍ വന്നിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 30,000 മുതല്‍ 60,000 രൂപ വരെയാണ് പുതിയ ബില്ല്. തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാര്‍ഡുകളിലെ മുപ്പതിലേറെ ഉപഭോക്താക്കള്‍ക്കാണ് ഇത്തരത്തില്‍ പത്ത് മടങ്ങിലേറെ ബില്ലില്‍ വര്‍ദ്ധനയുണ്ടായത്. ഇക്കഴിഞ്ഞ ജൂണില്‍ മണക്കാട്, കുമാരമംഗലം പഞ്ചായത്തുകളിലും സമാനമായ രീതിയില്‍ കൂടിയ ബില്‍ വന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരിമണ്ണൂര്‍ സ്വദേശിയായ മീറ്റര്‍ റീഡിംഗ് കരാര്‍ ജീവനക്കാരന്‍ മീറ്റര്‍ റീഡിംഗില്‍ കൃത്രിമം കാട്ടിയതാണ് പ്രശ്നത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തൊടുപുഴ നമ്പര്‍ വണ്‍ സെക്ഷന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റിന്റെയും അന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്രമക്കേട് സംബന്ധിച്ച് കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും വൈദ്യുതി ബില്ല് കുത്തനെ കൂടിയത്. ഉദ്യോഗസ്ഥരെ പരാതി അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്, കൗണ്‍സിലര്‍ കെ. ദീപക് എന്നിവരുടെ നേതൃത്വത്തില്‍ ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി എക്സിക്യൂട്ടീവ് എന്‍ജിനിയറെ കണ്ട് പ്രതിഷേധമറിയിച്ചത്. പിരിച്ചുവിട്ട മീറ്റര്‍ റീഡര്‍ നേരത്തെ റീഡിംഗ് എടുത്തിരുന്ന മേഖലയിലാണ് ഇപ്പോള്‍ ബില്ലില്‍ ക്രമക്കേട് ഉണ്ടായതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഉപഭോക്താക്കള്‍ കൂടിയ ബില്ല് അടയ്ക്കേണ്ടതില്ലെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. സാധാരണ വരുന്ന വൈദ്യുതി ചാര്‍ജ്ജിന്റെ ശരാശരി തുക അടച്ചാല്‍ മതിയാകും. ജൂണില്‍ കൂടിയ ബില്ല് വന്നവരില്‍ നിന്നും ശരാശരി തുകയാണ് ഈടാക്കിയത്. ഇതുവരെ ഇത്തരം 230 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എങ്ങനെയാണ് ക്രമക്കേട് നടത്തിയതെന്ന് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാലേ വ്യക്തമാകൂവെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!