പട്ടയഭൂമി വനമെന്ന അവകാശവാദം ദുരുദ്ദേശപരം: ഹൈറേഞ്ച് സംരക്ഷണ സമിതി


തൊടുപുഴ: ജില്ലയിലെ പെരിങ്ങാശേരി, മലയിഞ്ചി, ഉപ്പുകുന്ന് മേഖലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടയം ലഭിച്ച ഭൂമി വനമാണെന്ന അവകാശ വാദം തികച്ചും ദുരുദ്ദേശപരമാണെന്നും ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ഭാരവാഹികള്‍ പ്രസ്താവിച്ചു. ഈ മേഖലയില്‍ ഏഴ് പതിറ്റാണ്ടിലധികം കൈവശത്തിലിരുന്ന ഭൂമിക്കാണ് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പട്ടയം നല്‍കിയത്. 500 ല്‍ പരം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. ഇനിയും ഏറെ കുടുംബങ്ങള്‍ കാത്തിരിക്കുന്നു. ദശാബ്ദങ്ങളായുള്ള പട്ടയത്തിന് വേണ്ടിയുള്ള മുറവിളിയുടെയും സമരങ്ങളുടെയും അടിസ്ഥാനത്തില്‍ നേടിയെടുത്തതാണ് പട്ടയ അവകാശം. ഈ സാഹചര്യത്തിലാണ് സാങ്കേതികതയുടെ പേര് പറഞ്ഞു പട്ടയത്തിനെതിരെ തിരിയുന്നതും കലക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതും. ആരോപണം ഉന്നയിക്കുന്നവര്‍ ഏതോ സ്വാര്‍ത്ഥ താത്പര്യക്കാര്‍ക്കുവേണ്ടി കുഴലൂത്ത് നടത്തുകയാണ്. ഈ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ രോഷം നേരിടേണ്ടിവരുമെന്നും ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റിയന് കൊച്ചുപുരക്കല്‍, രക്ഷാധികാരികളായ ആര്. മണിക്കുട്ടന്, സി. കെ മോഹനന്, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി എന്നിവര്‍ അറിയിച്ചു.
