Thodupuzha

തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞം; തൊടുപുഴയില്‍ തുടക്കമായി

തൊടുപുഴ : നവകേരളം കര്‍മ്മപദ്ധതി രണ്ടിന്റെ ഭാഗമായി ‘തെളിനീരൊഴുകും നവകേരളം’ എന്ന പേരില്‍ ജനകീയ പങ്കാളിത്വത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പയിന് തൊടുപുഴ നഗരസഭയില്‍ തുടക്കമായി. പുഴകളും നീര്‍ച്ചാലുകളും വീണ്ടെടുക്കാനുള്ള ‘ഇനി ഞാനൊഴുകട്ടെ ‘ പരിപാടിയുടെ തുടര്‍ച്ചയായാണ് തെളിനീരൊഴുകും നവകേരളം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെയും അനുബന്ധ വകുപ്പുകളുടെയും ഏജന്‍സികളുടേയും സഹകരണത്തോടെയാണ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ തൊടുപുഴ നഗരസഭാ തല ഉദ്ഘാടനം കുമ്മംകല്ല് ജംഗ്ഷനില്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വ്വഹിച്ചു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. കരിം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷഹന ജാഫര്‍, റസിയ കാസിം, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രജീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. കൗണ്‍സിലര്‍ സാബിറ ജലീല്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍പ്രതീപ് രാജ് നന്ദിയും പറഞ്ഞു.

 

ശ്രദ്ധേയമായി ജല നടത്തം

 

നവകേരളം കര്‍മ്മ പദ്ധതി, തെളിനീരൊഴുകും നവകേരളം, ക്യാമ്പെയ്ന്‍ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജലനടത്തത്തില്‍ നഗരസഭാംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നദികളും, പുഴകളും, കായലുകളുമൊക്കെ ചേരുന്ന ജലസ്രോതസ്സുകളാല്‍ സമ്പുഷ്ടമായ കേരളത്തിന്റെ പ്രകൃതി രമണീയത സംരക്ഷിച്ച് നിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിരവധി കുടിവെളള വിതരണ പദ്ധതികളും ജലസേചനവും കൃഷിയും വിനോദ സഞ്ചാരവുമെല്ലാം ഇവിടുത്തെ ജല സ്രോതസ്സുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോവുന്നത്. എന്നാല്‍ വിവിധതരം മാലിന്യ നിക്ഷേപം മൂലം ജല സ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ജലമലിനീകരണം ഗുരുതര രോഗങ്ങള്‍ക്കും, പകര്‍ച്ച വ്യാധികള്‍ക്കും കാരണമാവുകയും ചെയ്യുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ജല സ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെയും വരും തലമുറയുടെയും നിലനില്‍പ്പിന്റെ ആവശ്യകതയാണെന്നും അതിനനുസരിച്ചുള്ള ജീവിത ശൈലി വികസിപ്പിക്കണമെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ജല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നത്.

 

ചിത്രം 1. തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞം – 2022 ന്റെ തൊടുപുഴ നഗരസഭാ തല ഉദ്ഘാടനം ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വഹിക്കുന്നു

2. തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ്ണ ജലശുചിത്വ യജ്ഞം – 2022 ന്റെ ഭാഗമായി തൊടുപുഴയില്‍ നടത്തിയ ജലനടത്തം

Related Articles

Back to top button
error: Content is protected !!