ArakkulamLocal Live

അറക്കുളം പന്ത്രണ്ടാം മൈലിലില്‍ തോട്ടിലേക്ക് മാലിന്യം തള്ളി

അറക്കുളം : പന്ത്രണ്ടാം മൈലിലെ പണിക്കര്‍തോട്ടില്‍ ചൊവ്വാഴ്ച രാത്രി മാലിന്യം തള്ളി. റോഡരികില്‍ വാഹനം നിര്‍ത്തി തോട്ടിലേക്ക് മാലിന്യം തള്ളുകയായിരുന്നു.തോടു നിറഞ്ഞ് മാലിന്യം 500 മീറ്റര്‍ താഴെയുള്ള പുഴയിലേക്കും ഒഴുകിയെത്തി. ഇവിടെയാണ് അറക്കുളം ഭാഗത്ത് വെള്ളം എത്തിക്കുന്ന ജല അതോറിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. 25 വര്‍ഷമായി ഫില്‍റ്റര്‍ ചെയ്യാതെ പുഴയിലെ വെള്ളം നേരിട്ട് പമ്പ് ചെയ്തു വരികയാണ്. ആഴ്ചകളായി മോട്ടോര്‍ തകരാര്‍ മൂലം നിര്‍ത്തിവച്ചിരുന്ന പമ്പിംഗ് ഇന്നലെ രാവിലെ പുനരാരംഭിച്ചിരുന്നു. തോടിനോടു ചേര്‍ന്നുള്ള നഴ്‌സറിയില്‍ തോട്ടിലെ വെള്ളം പമ്പ്് ചെയ്താണ് ചെടികള്‍ നനച്ചിരുന്നത്.പൂച്ചെടികള്‍ നനച്ചപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് തോട്ടില്‍ മാലിന്യം തള്ളിയതായി കണ്ടത്.

തുടര്‍ന്ന് പ്രദേശവാസികള്‍ പഞ്ചായത്തംഗമായ പി.എ. വേലുക്കുട്ടനെ വിവരം അറിയിച്ചു. ഇദ്ദേഹം അറിയിച്ചതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സുബൈര്‍, ജെ എച്ച്ഐ അനീഷ്, ആശാവര്‍ക്കര്‍ ബീനജ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യ വകുപ്പില്‍നിന്നു ബ്ലീച്ചിംഗ് പൗഡര്‍ എത്തിച്ച് അജീഷ്, സോജി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.കാഞ്ഞാര്‍ പോലീസില്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. മുന്‍ കാലങ്ങളിലും സമാനമായ രീതിയില്‍ മറ്റ് ജില്ലകളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അറക്കുളത്ത് പലയിടങ്ങളിലും ടാങ്കര്‍ ലോറിയില്‍ കൊണ്ട് വന്ന് തള്ളിയിട്ടുണ്ട്. അന്ന് മാലിന്യം തള്ളിയവരെ കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു.

 

Related Articles

Back to top button
error: Content is protected !!