ChuttuvattomThodupuzha

സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ്സിഡി സാധനങ്ങള്‍ ലഭ്യമല്ല; അവശ്യ സാധനങ്ങളുടെ ക്ഷാമം തുടരുന്നു

തൊടുപുഴ: തിരുവോണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സബ്‌സിഡി സാധനങ്ങളില്‍ പലതും ലഭ്യമല്ല. 13 ഇനം സബ്‌സിഡി ഉത്പന്നങ്ങളില്‍ പലതും ഇന്നലെയും ജില്ലയിലെ പല സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിതരണത്തിനെത്തിയില്ല. ഓണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജനങ്ങളെ ആശങ്കയിലാക്കി അവശ്യസാധനങ്ങളുടെ ക്ഷാമം തുടരുന്നത്. സപ്ലൈക്കോയില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ സാധാരണക്കാര്‍ കൂടുതല്‍ വില കൊടുത്ത് സ്വകാര്യ വില്‍പന ശാലകളെയും സൂപ്പര്‍ മാര്‍ക്കറ്റുകളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്.

കൂടുതല്‍ ക്ഷാമം പച്ചരിക്കും കടലക്കും പയറിനും

സബ്‌സിഡി ഇനങ്ങളായ പച്ചരി, കടല, പയര്‍ എന്നിവയ്ക്കാണ് കൂടുതല്‍ ക്ഷാമം. ചിലയിടങ്ങളില്‍ മുളകും ആവശ്യത്തിന് സ്റ്റോക്കില്ല. കഴിഞ്ഞ ദിവസം പച്ചരി ഉള്‍പ്പെടെ സ്റ്റോക്ക് എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും രാത്രി വൈകിയും പലയിടത്തും ഇവ എത്തിയിട്ടില്ല. സബ്‌സിഡി ഉല്‍പന്നമല്ലാത്ത ഗ്രീന്‍പീസും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇല്ലാത്ത അവസ്ഥയാണ്. സപ്ലൈക്കോ  ഓണച്ചന്തകളില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ലഭ്യമാകുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അതും നടപ്പായില്ല.

അധികൃതരുടെ അവകാശവാദം അസ്ഥാനത്തായി

തൊടുപുഴ, ചെറുതോണി, കട്ടപ്പന, അടിമാലി, കുമളി, മറയൂര്‍, പീരുമേട് സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സബ്‌സിഡി സാധനങ്ങള്‍ പലതും ലഭ്യമല്ലാത്ത സ്ഥിതിയായിരുന്നു. ഓണത്തോടനുബന്ധിച്ച് ഇവിടെയെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ പല ഉല്‍പ്പന്നങ്ങളുടെയും സ്റ്റോക്ക് എത്തുന്നത് പരിമിതമായി മാത്രമാണ്. പലതും മണിക്കൂറുകള്‍ക്കുള്ളില്‍ തീരുന്ന സ്ഥിതിയാണ്. ആവശ്യത്തിന് സാധനങ്ങള്‍ എത്തിക്കുമെന്ന അധികൃതരുടെ അവകാശ വാദവും ഇതോടെ അസ്ഥാനത്തായി. ഓണക്കാലത്ത് 250 കോടി രൂപയുടെ വില്‍പന സപ്ലൈകോ ലക്ഷ്യമിടുന്നതായും 10നു മുന്‍പായി എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തുമെന്നുമാണ്  മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പൂര്‍ണതോതില്‍ നടപ്പായില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

കിറ്റ് വിതരണം ആരംഭിച്ചില്ല

ഇത്തവണ മഞ്ഞ കാര്‍ഡുടമകള്‍ക്കു മാത്രമായി ചുരുക്കിയ കിറ്റ് വിതരണം  ജില്ലയില്‍ ആരംഭിച്ചില്ല. കിറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ട ചില പായ്ക്കറ്റ് ഇനങ്ങളും ഇത് നിറയ്ക്കാനുള്ള  തുണി സഞ്ചിയുടെ ദൗര്‍ലഭ്യവും കാരണമാണ് കിറ്റ് വിതരണം വൈകുന്നതെന്നാണ് സൂചന. ഉല്‍പന്നങ്ങള്‍ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ച് ഇവിടെ നിന്ന് കിറ്റിലാക്കി റേഷന്‍ കടകളിലെത്തിച്ചാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. ഓണത്തിനു മുന്‍പ് എ.എ.വൈ കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാകുമോ എന്നും സംശയമുണ്ട്. എന്നാല്‍ ചുരുക്കം കാര്‍ഡുടമകള്‍ക്ക് മാത്രം കിറ്റ് വിതരണം ചെയ്യുന്നതിനാല്‍ ഓണത്തിനു മുമ്പു തന്നെ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button
error: Content is protected !!