ChuttuvattomThodupuzha

മിനി സിവില്‍ സ്റ്റേഷനില്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുന്നു; അധികൃതര്‍ മൗനം പാലിക്കുന്നു

തൊടുപുഴ: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ വര്‍ഷങ്ങളായി കിടന്നു നശിക്കുന്നു. കാലഹരണപ്പെട്ടതും അല്ലാത്തതുമായ വാഹനങ്ങള്‍ ഇത്തരത്തില്‍ നശിക്കുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. ചെറിയ തകരാര്‍ പോലും പരിഹരിക്കാന്‍ കഴിയാതെ തള്ളിക്കളഞ്ഞ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ഭൂജലവകുപ്പ്- 3, ഭക്ഷ്യ സുരക്ഷ വകുപ്പ് -1, വനിതശിശു വികസന വകുപ്പ് – 2, ജല വിഭവ വകുപ്പ് – 1, ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ -1ഓഡിറ്റ് വകുപ്പ് -1, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് -3, സാമൂഹ്യ നീതി വകുപ്പ് -1, വനിത ശിശു വികസന വകുപ്പ് (ഐസിഡിഎസ് സെല്‍ )1, സര്‍വേ ആന്റ് ഭൂരേഖ -1 തുടങ്ങിയ വകുപ്പുകളുടെ വാഹനങ്ങളാണ് നശിക്കുന്നത്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ വാഹനം അടുത്തിടെ ഇവിടെനിന്നു നീക്കം ചെയ്തിരുന്നു. ഇവിടെ നിന്ന് അഞ്ചു മുതല്‍ 10 വര്‍ഷത്തിലേറെയായിട്ടും മാറ്റാത്ത വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഉപയോഗിക്കാന്‍ കഴിയാത്തവയാണെങ്കില്‍ നിയമപരമായ വ്യവസ്ഥകളോടെ അതാതു വകുപ്പുകള്‍ക്ക് വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കും. എന്നാല്‍ ഇത്തരം സംവിധാനങ്ങളെയെല്ലാം പാഴാക്കിയാണ് അധികൃതര്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്.

വാഹനങ്ങളുടെ തകരാറുകള്‍ തുടക്കത്തിലെ പരിഹരിച്ച് ലേലത്തില്‍ വില്‍പന നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരിലേക്ക് ലക്ഷങ്ങള്‍ ലഭിക്കുമായിരുന്ന വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാമത്തെ ബ്ലോക്ക് നിര്‍മ്മിച്ചപ്പോള്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ ഇവിടെയെത്തുന്ന ജനങ്ങളുടേയും ജീവനക്കാരുടേയും വാഹന പാര്‍ക്കിംഗിനാണ് ഉദ്ദേശിച്ചത് നിലവില്‍ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ കിടക്കുന്നതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. സ്ഥലപരിമിതി മൂലം സിവില്‍ സ്റ്റേഷനിലേക്ക് എത്തുന്ന വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സൗകര്യമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഇവിടെനിന്ന് നീക്കം ചെയ്താല്‍ മിനി സിവില്‍ സ്റ്റേഷനില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും.
മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം വിളിച്ചു ചേര്‍ക്കുമെന്ന് തഹസില്‍ദാര്‍ എം.അനില്‍കുമാര്‍ പറഞ്ഞു. വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പുകളാണ്. നേരത്തെ തന്നെ ഇക്കാര്യം ഇവരോട് ആവശ്യപ്പെട്ടിരുന്നതാണെന്നും തഹസില്‍ദാര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!