IdukkiLocal Live

രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ച ദിവസം ഗവര്‍ണര്‍ ഇടുക്കിയിലേക്ക്; ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടിക്കെത്തുന്ന ജനുവരി 9ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ഭൂപതിവ് ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ അന്ന് ഇടതുമുന്നണി രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. അന്നേ ദിവസം തന്നെ ഗവര്‍ണര്‍ ഇടുക്കിയില്‍ എത്തുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നാണ് ഇടത് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്കാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ഗവര്‍ണറെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പട്ടം ജംങ്ഷനിലാണ് പ്രതിഷേധക്കാരുണ്ടായിരുന്നത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ആദര്‍ശിന്റെ നേതൃത്വത്തിലുള്ള പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വഴിയരികില്‍ വെറുതെ നിന്നവരെ അന്യായമായി അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ ചെറുത്തെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇത് വാക്കേറ്റത്തിനും ചെറിയ സംഘര്‍ഷത്തിനും ഇടയാക്കി. പ്രതിഷേധം കണക്കിലെടുത്ത് സാധാരണ വഴിയില്‍ നിന്ന് റൂട്ട് മാറിയാണ് ഗവര്‍ണറുടെ യാത്ര.

 

Related Articles

Back to top button
error: Content is protected !!