ChuttuvattomThodupuzha

ജനങ്ങളെ കൃഷിയാഭിമുഖ്യമുള്ളവരാക്കി മാറ്റുക സര്‍ക്കാര്‍ ലക്ഷ്യം: പി.കെ. ശ്രീമതി

തൊടുപുഴ: ജനകീയ ഇടപെടലിലൂടെ ജനങ്ങളെ കൃഷിയോട് ആഭിമുഖ്യമുള്ളവരാക്കി മാറ്റുകയെന്നത് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഉത്തരവാദിത്തമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി. സി.പി.എം നടത്തുന്ന സുഭിക്ഷ കേരളം ഓണച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. യുവതലമുറയെ മണ്ണില്‍ കൈകുത്താന്‍ പഠിപ്പിക്കണം. മണ്ണ് തന്നെയാണ് ചോറെന്ന് ബോധ്യപ്പെടുത്താനാവണം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ഷക തൊഴിലാളികളെയും പ്രസ്ഥാനങ്ങളുടെയും എല്ലാം യോജിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്.

സംസ്ഥാനത്ത് ആയിരത്തിലധികം ചന്തകള്‍ പദ്ധതിയുടെ ഭാഗമായി തുറക്കുന്നുണ്ട്. ഓരോ വാര്‍ഡിലും ചന്തകള്‍ തുറക്കാനാവണം. ആരോഗ്യത്തിന് ഗുണകരമാകുന്ന അംശങ്ങള്‍ തിരിച്ചുപിടിക്കുകയാണ് നാം. അത് ഓണം പോലെ ഏതെങ്കിലും പ്രത്യേക അവസരത്തില്‍ മാത്രമാകാതെ 365 ദിവസവും വിഷരഹിത പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാനാകണം. പച്ചക്കറിക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ കൃഷികള്‍ വിവിധ രീതിയില്‍ ചെയ്ത് ജനങ്ങളെ സഹായിക്കുകയെന്ന പൗരധര്‍മമാണ് നാം നിര്‍വഹിക്കുന്നത്. 2014ല്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി ആരംഭിച്ച പദ്ധതി 2016ല്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തുടനീളം ഉല്‍പാദനരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുകയാണെന്നും പി.കെ ശ്രീമതി പറഞ്ഞു.

സുഭിക്ഷ കേരളം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ ബി. സജികുമാര്‍ അധ്യക്ഷത വഹിച്ചു.  സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി.വി മത്തായി, ഏരിയ സെക്രട്ടറിമാരായ ടി.ആര്‍ സോമന്‍, മുഹമ്മദ് ഫൈസല്‍, ടി.കെ ശിവന്‍ നായര്‍, ചാണ്ടി പി. അലക്സാണ്ടര്‍, തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!