ChuttuvattomThodupuzha

യാത്രക്കാര്‍ക്ക് മുന്നില്‍ കൈയ്യാങ്കളി; രണ്ട് കെ.എസ്.ആര്‍.ടി.സി ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

തൊടുപുഴ: കെ.എസ്.ആര്‍.ടി.സി തൊടുപുഴ ഡിപ്പോയില്‍ യാത്രക്കാര്‍ക്ക് മുന്നില്‍ കൈയ്യാങ്കളി നടത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തൊടുപുഴ യൂണിറ്റ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ്, മൂവാറ്റുപുഴ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ രാജു ജോസഫ് എന്നിവരെയാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇവരുടെ ഭാഗത്തു നിന്നും ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായതായി സംഭവത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് സജിത് കോശി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. വാഹനത്തില്‍ ടിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആദ്യം വാക്കേറ്റവും പിന്നീട് കൈയ്യാങ്കളിയുമായി മാറിയത്.

ബന്തടുക്കയില്‍ നിന്നും കോട്ടയം വഴിയുള്ള ബസില്‍ രാജു ജോസഫ് പരിശോധനയ്ക്കായി കയറി. പിന്നീട്  ബസ് ആനിപ്പടി ചിറയില്‍ എത്തിയപ്പോള്‍ എസ്.പ്രദീപും പരിശോധനയ്ക്കായി ഇതേ ബസില്‍ കയറി. തുടര്‍ന്ന് രാജു ജോസഫിന്റെ പരിശോധനയില്‍ ക്രമക്കേടുണ്ടെന്ന് പ്രദീപ് പറഞ്ഞതോടെ ഇരുവരും തമ്മില്‍ ബസില്‍ വച്ച് വാക്കേറ്റമുണ്ടായി. ബസ് തൊടുപുഴ സ്റ്റാന്‍ഡില്‍ എത്തിയതോടെ ഇരുവരും തമ്മില്‍  ആദ്യം അസഭ്യവര്‍ഷവും പിന്നീട് ജീവനക്കാരും യാത്രക്കാരും നോക്കി നില്‍ക്കെ കൈയ്യാങ്കളിയും ഉണ്ടാകുകയായിരുന്നു. മറ്റ് ജീവനക്കാരെത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. രാജു ജോസഫിനെ അവഹേളിക്കുന്ന തരത്തില്‍ എസ്.പ്രദീപ് സംസാരിച്ചതും  മേലധികാരികള്‍ക്ക് പരാതി നല്‍കാമായിരുന്നിട്ടും അതിന് ശ്രമിക്കാതെ തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാരും യാത്രക്കാരും നോക്കി നില്‍ക്കെ കൈയ്യാങ്കളിയ്ക്ക് മുതിര്‍ന്നതും പ്രകോപനപരമായ രംഗങ്ങള്‍ സൃഷ്ടിച്ചതും രാജു ജോസഫിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. മറ്റ് ജീവനക്കാര്‍ക്ക് മാതൃകയാകേണ്ട സൂപ്പര്‍വൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ അതിന് വിപരീതമായി ഇത്തരത്തില്‍ കൈയ്യാങ്കളി നടത്തിയത് കോര്‍പ്പറേഷന് അവമതിപ്പുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Related Articles

Back to top button
error: Content is protected !!