Kerala

ഉഷ്ണതരംഗം : അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം : അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുന്നതാണ്. അതേസമയം, സംസ്ഥാനത്തെ 3 ജില്ലകളില്‍ താപതരംഗം രണ്ടു ദിവസം കൂടി തുടരും. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് താപതരംഗം മുന്നറിയിപ്പ് രണ്ട് ദിവസം കൂടി തുടരുന്നത്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും, വടക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമിലെന്നും, ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!