Thodupuzha

ഇടുക്കി ജില്ലയ്ക്ക് പുതിയ പാക്കേജ് പ്രഖ്യാപിക്കണം: പി.ജെ ജോസഫ്

തൊടുപുഴ: അന്‍പത് വര്‍ഷം പിന്നിട്ട ഇടുക്കി ജില്ലയുടെ സമഗ്ര പുരോഗതിയ്ക്ക് പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാക്കേജില്‍ ഒന്നാമത്തെ വിഷയം ഭൂമിപതിവുചട്ട ഭേദഗതിയാണ്. ചട്ടഭേദഗതി കൂടാതെ ഒരു ദിവസം പോലും ജില്ലയ്ക്ക് മുന്നോട്ടു പോകുവാന്‍ കഴിയില്ല. ജില്ലയിലെ നിര്‍മാണ നിരോധനത്തിന്റെയും പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തതിന്റെയും ഏക കാരണം ഭൂമി പതിവുചട്ടങ്ങളിലെ നിരോധന വ്യവസ്ഥകളാണ്. വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാകണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് ന്യായമായ വരുമാനം ഉറപ്പു വരുത്തണം. ക്ഷീരമേഖലയ്ക്കും ടൂറിസം മേഖലകള്‍ക്കും പരിപൂര്‍ണമായി ഉപയോഗപ്പെടുത്താനുള്ള സമഗ്രമായ പദ്ധതികള്‍ക്കു രൂപം നല്‍കണം. മണ്ണ്, ജലം സംരക്ഷണത്തിനുള്ള ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കണം. ജില്ലയിലേയ്ക്ക് വ്യാപകമായി ടൂറിസ്റ്റുകളെ എത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ച് ഇതിലൂടെ ഹോം സ്‌റ്റേ വരുമാനം വര്‍ധിപ്പിക്കാനാകും. ജില്ലയുടെ അടിസ്ഥാന വികസന രംഗത്ത് പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹൈറേഞ്ചില്‍ നിന്നും കര്‍ഷകരുടെ പാലായനം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തന ഫണ്ട് പിരിവ് ജൂണ്‍ 30 വരെ നടത്തുന്നതിനും ജില്ലാ നേതൃയോഗം തീരുമാനിച്ചു. ജില്ലാ നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി, അഡ്വ. ജോസഫ് ജോണ്‍, പ്രാഫ. ഷീല സ്റ്റീഫന്‍, അഡ്വ. ജോസി ജേക്കബ്, അഡ്വ. തോമസ് പെരുമന, എം. മോനിച്ചന്‍, നോബിള്‍ ജോസഫ്, വര്‍ഗീസ് വെട്ടിയാങ്കല്‍, വി.എ ഉലഹന്നാന്‍, ജോയി കൊച്ചുകരോട്ട്, ജോജി ഇടപ്പള്ളിക്കുന്നേല്‍, ബാബു കീച്ചേരി, ബിജു പോള്‍, അഡ്വ. എബി തോമസ്, ജോസ് പൊട്ടംപ്ലാക്കല്‍, വര്‍ഗീസ് സക്കറിയ, എം.ജെ കുര്യന്‍, അഡ്വ. ഷൈന്‍ വടക്കേക്കര, ലത്തീഫ് ഇല്ലിക്കല്‍, കെ.കെ വിജയന്‍, ടോമിച്ചന്‍ മുണ്ടുപാലം, ബെന്നി പുതുപ്പാടി, ഫിലിപ്പ് മലയാറ്റ്, പി.വി. അഗസ്റ്റിന്‍, മത്തച്ചന്‍ പുരയ്ക്കല്‍, ബ്ലെയിസ് ജി. വാഴയില്‍, ഡേവിഡ്് അറയ്ക്കല്‍, സണ്ണി കളപ്പുര, കുര്യാക്കോസ് ചേലമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!