Thodupuzha

ജില്ലാ രജിസ്ട്രാര്‍ ഓഫീസ് തൊടുപുഴയില്‍നിന്നു മാറ്റാന്‍ നീക്കം

തൊടുപുഴ: രജിസ്ട്രേഷൻ വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കോടികള്‍ ചെലവഴിച്ചു പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ രജിസ്ട്രാര്‍ ഓഫീസ് തൊടുപുഴയില്‍നിന്നു മാറ്റി സ്ഥാപിക്കാന്‍ നീക്കം ആരംഭിച്ചു.സ്വന്തമായുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് തൊടുപുഴയില്‍നിന്നു വാടകക്കെട്ടിടത്തിലേക്കു മാറ്റാനുള്ള നീക്കത്തിനു പിന്നില്‍ രജിസ്ട്രേഷൻ വകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്നു പറയപ്പെടുന്നു. ജില്ലാ ഓഫീസ് തൊടുപുഴയില്‍നിന്നു മാറ്റിയാല്‍ ഇപ്പോള്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസിന്‍റെ ഭാഗമായി അമാല്‍ഗമേറ്റഡ് ഓഫീസായി പ്രവര്‍ത്തിക്കുന്ന തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസും തരംതാഴ്ത്തപ്പെടുകയും അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാറുടെ ഓഫീസും പുതിയ സ്ഥലത്തേക്കു മാറ്റാനും സാധ്യതയുണ്ട്.

എല്ലാവിധ ഭൗതിക സൗകര്യങ്ങളോടുംകൂടി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഇവിടെനിന്നു മാറ്റേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ലാത്തപ്പോള്‍ ഓഫീസ് മാറ്റം എന്ന തീരുമാനത്തിനു പിന്നില്‍ ചിലരുടെ സ്വാര്‍ഥതാത്പര്യങ്ങളാണന്നു പറയപ്പെടുന്നു.

ദൈനംദിന ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ നേരിട്ടു സമീപിക്കുന്ന ഓഫീസല്ല ജില്ലാ രജിസ്ട്രാര്‍ ഓഫീസ്. രജിസ്ട്രേഷന്‍ സംബന്ധിച്ച ദൈനംദിന പ്രവൃത്തികള്‍ നടക്കുന്നത് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ്. സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ മേല്‍നോട്ട ഓഫീസ് എന്ന നിലയിലാണു ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റികളുടെ രജിസ്ട്രേഷന്‍ മാത്രമാണ് പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ട് ഈ ഓഫീസില്‍ നടക്കുന്നത്. അതിനാല്‍ ജനങ്ങള്‍ക്ക് വലിയ തോതില്‍ ഓഫീസില്‍ നേരിട്ടു ഹാജരാകേണ്ട സാഹചര്യവും ഇല്ല. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഓഫീസ് മാറ്റം എന്ന വാദം അസ്ഥാനത്താണെന്നും ഈ നീക്കത്തില്‍നിന്നു അധികൃതര്‍ പിന്തിരിയണമെന്നുമാണ് ആവശ്യം.

Related Articles

Back to top button
error: Content is protected !!