തകര്‍ന്നുപോയ ഏലം കര്‍ഷകരെ സംരക്ഷിക്കണം: പി.സി തോമസ്


തൊടുപുഴ: വിലയിടിവു മൂലം രൂക്ഷമായ പ്രതിസന്ധിയിലായ ഏലം കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരിട്ടിടപെടണമെന്നും ന്യായമായ മിനിമം വില നിശ്ചയിച്ച് ഏലം സംഭരിക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്മാന് പി.സി തോമസ് പ്രധാനമന്ത്രി, കേന്ദ്ര വാണിജ്യ മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് ഇ-മെയില്‍ അയച്ചു. കിലോയ്ക്ക് 4500 രൂപ വരെ വിലയുണ്ടായിരുന്ന ഏലത്തിന് ഇപ്പോള്‍ ആയിരത്തില്‍ താഴെ മാത്രമാണ് വിലയുള്ളത്. ഉല്പാദനച്ചെലവ് വളരെയധികം വര്‍ധിച്ചെങ്കിലും അതിനനുസരിച്ച് വില കിട്ടാതെ ഏറെ നാളുകള്‍ ആയി. വാണിജ്യ വിളയായ ഏലം കര്‍ഷകരില്‍നിന്ന് സംഭരിക്കാനും മറ്റ് സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയാറാകണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളിലുള്ള കുരുമുളക്, കാപ്പി, തേയില, എന്നിവ ഉള്‍പ്പെടെ കൃഷി ചെയ്യുന്ന കര്‍ഷകരും ഏറെ ബുദ്ധിമുട്ടുന്ന ഈ അവസരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേകമായ ശ്രദ്ധ ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്നും പി.സി തോമസ് ആവശ്യപ്പെട്ടു.
