Thodupuzha

ഇടുക്കി ഡാമിന്റെയും മലങ്കര ഡാമിന്റെയും വികസനത്തിന് തിരി തെളിയുന്നു

തൊടുപുഴ: ഇടുക്കി ആര്‍ച്ച് ഡാമിന്റെയും മലങ്കര ഡാമിന്റെയും വികസന പദ്ധതികള്‍ക്ക് തിരി തെളിയുന്നു. ഇതിനായി സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്നു കേന്ദ്ര വിനോദസഞ്ചാര മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചു. ജില്ലയില്‍ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ശൃംഖല സൃഷ്ടിക്കാന്‍ സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്താന്‍ സമര്‍പ്പിച്ച പദ്ധതിക്ക് ഉടന്‍ അനുമതി നല്‍കുമെന്നാണു ഡീന്‍ കുര്യാക്കോസ് എംപിയുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി അറിയിച്ചത്.

ഇടുക്കി ലേസര്‍ പവലിയന്‍, നാടുകാണി സ്‌കൈ വാക്ക്, മലങ്കര ഡാം കണ്‍വന്‍ഷന്‍ സെന്റര്‍, തൊടുപുഴ ടൗണ്‍ സ്‌ക്വയര്‍, മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് എന്നീ സ്ഥലങ്ങളില്‍ തീര്‍ഥാടന ടൂറിസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസം, ഇവന്റ് ടൂറിസം എന്നീ മേഖലകള്‍ ഉള്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുന്നത്.പതിനൊന്നു കിലോമീറ്റര്‍ ദൂരത്തില്‍ പരന്നുകിടക്കുന്ന മലങ്കര ഡാം റിസര്‍വോയറിനെ ചുറ്റിപ്പറ്റി ട്രക്കിംഗ് പാത, എട്ടു കിലോമീറ്റര്‍ നീളത്തില്‍ സൈക്ലിംഗ് ട്രാക്ക്, ജലാശയത്തില്‍ കയാക്കിംഗ് ബോട്ടുകള്‍, സോളാര്‍ ബോട്ട് എന്നിവയും പദ്ധതിയിലുണ്ട്. കണ്‍വന്‍ഷന്‍ സെന്റര്‍, കുട്ടികള്‍ക്കുള്ള വിപുലമായ പാര്‍ക്ക്, വൈകുന്നേരങ്ങളില്‍ ലൈറ്റ് ഷോ തുടങ്ങിയവയും മലങ്കര ടൂറിസം പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പി.ജെ. ജോസഫ് എംഎല്‍എ മുന്‍കൈയെടുത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരമാകുന്നത്. അഞ്ചു പദ്ധതികളാണു പ്രധാനമായും പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊടുപുഴ നിയോജകമണ്ഡലത്തില്‍ മൂന്നും ഇടുക്കി, ദേവികുളം നിയോജകമണ്ഡലങ്ങളില്‍ ഓരോന്നും പദ്ധതികളാണു നടപ്പാക്കുന്നത്. ജില്ലയുടെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടം കൈവരിക്കാന്‍ ഉതകുന്ന ബൃഹദ് പദ്ധതിയാണു വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലയിലെ 182 കോടിയുടെ ടൂറിസം പദ്ധതികള്‍ക്ക് ഡീന്‍ കുര്യാക്കോസ് എംപിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നതോടെ ടൂറിസം രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ.

 

 

Related Articles

Back to top button
error: Content is protected !!