Idukki

കട്ടപ്പന ഇരട്ടക്കൊലപാതകം : കൂടെ നിന്നില്ലെങ്കില്‍ നിനക്കും ഇതേ ഗതി ; അച്ഛനെ കുഴിച്ചുമൂടുമ്പോള്‍ നിതീഷ് പറഞ്ഞു, തെളിവെടുപ്പ്, നാടകീയ രംഗങ്ങള്‍

ഇടുക്കി: നാടിനെ ഞെട്ടിച്ച കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ ഇരു പ്രതികളെയും ഒരുമിച്ചെത്തിച്ച് കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ നാടകീയ രംഗങ്ങൾ. മുഖ്യപ്രതി നിതീഷ്, രണ്ടാം പ്രതി വിഷ്ണു എന്നിവരെയാണ് വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചത്. തെളിവെടുപ്പിനിടെ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയുമായിരുന്നു രണ്ടു പ്രതികളുടെയും പെരുമാറ്റം.

ആദ്യഘട്ടത്തിൽ നിതീഷിനെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിജയന്‍റെ മകൻ വിഷ്ണുവിനെ സംഭവസ്ഥലത്തെത്തിച്ച് ചോദ്യം ചെയ്യാനായിരുന്നില്ല. ഇന്ന് ഉച്ചയോടെ നിതീഷിനൊപ്പം വിഷ്ണുവിനെയും ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന രീതി വിഷ്ണു പോലീസിനോട് വിവരിച്ചു. കൊലപാതകം നടന്ന ദിവസം ഹാളിൽ ഇരിക്കുമ്പോൾ വീട്ടു സാധനങ്ങളൊന്നും ഇല്ലാത്തതിനാൽ ഭക്ഷണം ഉണ്ടാക്കാനാവുന്നില്ലന്ന് പറഞ്ഞു.

എന്തെങ്കിലും ജോലിക്ക് പോയി കഴിക്കാൻ വല്ലതും കൊണ്ടു വരണമെന്നും ആവശ്യപെട്ടു. ഇതേ ചൊല്ലി പ്രകോപിതനായ നിതീഷ് ഉടുപ്പിന്‍റെ കഴുത്തു കൂട്ടി കുത്തിപ്പിടിച്ച് വിജയനെ തറയിൽ വലിച്ചിട്ടു. ഇവിടെ കിടന്ന വിജയന്‍റെ ചെവിക്ക് മുകളിലായി തലയുടെ വശത്ത് ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. അടികൊണ്ട് നിലവിളിച്ച വിജയൻ വൈകാതെ ബോധരഹിതനായി. ഈ സമയം കട്ടപ്പനയിൽ നിന്നും ഒരു ഓട്ടോറിക്ഷ വിളിച്ചത്തിയപ്പോഴേക്കും വിജയൻ മരിച്ചിരുന്നു. കസേരയിൽ കയറ്റിയിരുത്തിയ വിജയന്‍റെ മൃതദേഹം ആരുമറിയാതെ മറവ് ചെയ്യുന്നതിനായി വീടിൻ്റെ ഒരു മുറിയിൽ മൂന്നരയടിയോളം വലിപ്പത്തിൽ കുഴിയെടുത്തു.

പിന്നിട് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കസേരയോടെ തട്ടി കുഴിയിലിട്ടു. പിന്നീട് കസേരയെടുത്ത് മാറ്റി ചെറിയ കുഴിയിൽ തൂമ്പയും കമ്പിയും ഉപയോഗിച്ച് മൃതദേഹം ഇടിച്ച് ഒതുക്കി. മര്യാദയ്ക്ക് തന്‍റെ കൂടെ നിന്നില്ലെങ്കിൽ ഇതായിരിക്കും നിന്‍റെയും ഗതി എന്ന് നിതീഷ് ഭീഷണിപ്പെടുത്തിയതായി ഇന്ന് നടന്ന തെളിവെടുപ്പിനിടെ വിഷ്ണു അന്വേഷണ സംഘത്തോട് പറഞ്ഞു. ഇനി മൂന്നാം പ്രതിയായ സുമയേയും മകളേയും ഇവിടെ എത്തിക്കുമെന്നാണ് വിവരം. ഇവരുടെയെല്ലാം മൊഴികളിൽ വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽ നാലുപേരെയും പരസ്പരം കൂട്ടിയിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ അടുത്ത നീക്കം.

Related Articles

Back to top button
error: Content is protected !!