ChuttuvattomMoolammattam

സഞ്ചാരികളെ മാടി വിളിച്ച് ഇലപ്പള്ളി വെള്ളച്ചാട്ടം; ഒപ്പം അവഗണനയും അപകട സാധ്യതയും

മൂലമറ്റം: പാറക്കൂട്ടങ്ങളെ തഴുകി പാലരുവിപോലെ പതഞ്ഞൊഴുകുന്ന ഇലപ്പള്ളി വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ തിരക്കേറി. കനത്ത മഴയില്‍ ജലസമ്പന്നതയാല്‍ നിറഞ്ഞുതുളുമ്പി 100 മീറ്ററിലേറെ ഉയരത്തില്‍നിന്ന് തട്ടുകളായി പാറയിലൂടെ വെള്ളം താഴേക്കുപതിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. മൂലമറ്റത്തു നിന്ന് വാഗമണ്ണിലേക്കുള്ള റോഡിലെ ഇലപ്പള്ളി കൈക്കുളം പാലത്തില്‍ നിന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ദൃശ്യമനോഹാരിത ആസ്വദിക്കാം. ഇലപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യമനോഹാരിത ഏവരുടേയും മനം മയക്കുന്നതാണ്. ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്ന് കൂടിയാണ് ഇലപ്പള്ളിയിലേത്. കടുത്ത വേനലില്‍ ഒഴികെ മിക്ക ദിവസങ്ങളിലും ഇവിടെ വെള്ളം കുത്തിയൊഴുകും. മൂലമറ്റം – വാഗമണ്‍ സംസ്ഥാന പാതയോരത്തായതിനാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ദിവസേന നിരവധിയാളുകളാണ് ഈ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തുന്നത്. 1990ല്‍ പുറത്തിറങ്ങിയ പുറപ്പാട് മുതല്‍ കലാഭവന്‍ മണി അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി അടുത്തകാലത്തിറങ്ങിയ സൗബിന്‍ അഭിനയിച്ച ഇലവീഴാപൂഞ്ചിറ വരെയുള്ള നിരവധി മലയാള സിനിമകള്‍ക്കും അതിലേറെ ഒട്ടനവധി അന്യഭാഷാ ചിത്രങ്ങള്‍ക്കും ഇലപ്പള്ളി വെള്ളച്ചാട്ടം ലൊക്കേഷനായിട്ടുണ്ട്.ദിനംപ്രതി സന്ദര്‍ശക തിരക്കേറുമ്പോഴും വെള്ളച്ചാട്ടത്തിന് സമീപം വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കാഴ്ചയാസ്വദിക്കാനായി വിശ്രമ കേന്ദ്രമോ ശുചിമുറി സൗകര്യങ്ങളോ ഇവിടെയില്ല. സന്ദര്‍ശക തിരക്കില്ലാത്ത സമയങ്ങളില്‍ ഇവിടെ ലഹരി വസ്ഥുക്കളുടെ ഉപയോഗവും സാമൂഹ്യവിരുദ്ധരുടെ താവളവുമാകാറുണ്ട്. വെള്ളച്ചാട്ടത്തിന് സമീപം സുരക്ഷയില്ലാത്തതും പ്രതിസന്ധിയാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ വെള്ളച്ചാട്ടത്തിന് ചുവട്ടിലേക്ക് പലപ്പോഴും സഞ്ചാരികള്‍ കുളിക്കുന്നതിനും മറ്റുമായി ഇറങ്ങാറുണ്ട്. ഇത്തരത്തില്‍ സ്ഥലപരിചിതമില്ലാതെ ഇറങ്ങുന്നവര്‍ തെന്നി വീണ് താഴേക്ക് പതിക്കുന്നതിനും പരുക്കേല്‍ക്കുന്നതിനും സാധ്യതയുണ്ട്. വര്‍ഷകാലത്ത് വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലെങ്കില്‍ പോലും ഉറവിടായ കുമ്പങ്ങാനം, അനൂര് തുടങ്ങിയ മലനിരകളിലുണ്ടാകുന്ന മഴയില്‍ അപ്രതീക്ഷിതമായി ഇവിടേക്ക് വെള്ളം കുതിച്ചെത്താറുണ്ട്. ഇത്തരത്തില്‍ വിനോദ സഞ്ചാരികള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുമുണ്ട്. ടൂറിസം രംഗത്ത് അനന്ത സാധ്യതയാണ് പ്രകൃതിയൊരുക്കിയ ഇലപ്പള്ളി വെള്ളച്ചാട്ടത്തിനുള്ളത്. മതിയായ സുരക്ഷയൊരുക്കി അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വര്‍ദ്ധിപ്പിച്ചാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ ഒഴുകിയെത്തും. ടൂറിസം വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ഇതിനായുള്ള നടപടിയെടുക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്കും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുമുള്ളത്.

Related Articles

Back to top button
error: Content is protected !!