ChuttuvattomIdukkiThodupuzha

തകര്‍ന്ന് കിടക്കുന്ന ഇലവീഴാപൂഞ്ചിറ റോഡിന് ശാപമോക്ഷം; 60 ലക്ഷം മുടക്കി ഗതാഗത യോഗ്യമാക്കും

കാഞ്ഞാര്‍: 10 വര്‍ഷത്തിലധികമായി തകര്‍ന്ന് കിടക്കുന്ന ഇലവീഴാപൂഞ്ചിറ റോഡിന് ശാപമോക്ഷം ലഭിക്കുന്നു. 60 ലക്ഷം മുടക്കി റോഡ് ഗതാഗത യോഗ്യമാക്കാനാണ് നടപടിയായത്. ഇന്നു മുതല്‍ പണികള്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യഘട്ടമായി മെറ്റല്‍ വിരിക്കുന്നതിനും തുടര്‍ന്ന് ടാറിങ് ജോലികളും നടത്തുന്നതിനാണ് ആലോചന. കൂവപ്പളളി – ചക്കിക്കാവ് ഇലവീഴാപൂഞ്ചിറ റോഡില്‍ ചക്കികാവ് മുതലുള്ള 1.500 കിലോമീറ്റര്‍ ദൂരമാണ് ഗതാഗത യോഗ്യമാക്കുന്നത്. ആയിരക്കരണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഇടമാണ് ഇലവീഴാപൂഞ്ചിറ. തകര്‍ന്ന് കിടക്കുന്ന റോഡില്‍ കൂടി ഓഫ് റോഡ് സവാരി നടത്തിയും കാല്‍നടയായെത്തിയും മറ്റും നൂറ് കണക്കിന് സഞ്ചാരികള്‍ പൂഞ്ചിറ കണ്ട് മടങ്ങുന്നുണ്ട്.

ഇടുക്കി ജില്ലയിലെ കൂവപ്പള്ളിയില്‍ നിന്നും ഇലവീഴാപ്പൂഞ്ചിറക്കുള്ള റോഡില്‍ 1.5 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയാകാതെ അവശേഷിക്കുന്നത്. 11 കിലോമീറ്റര്‍ ദൂരമുള്ള കാഞ്ഞാര്‍ – കൂവപ്പള്ളി – ചക്കിക്കാവ് – ഇലവീഴാപൂഞ്ചിറ – മേലുകാവ് റോഡിന്റെ അഞ്ചരകിലോമീറ്റര്‍ റോഡ് ഏറെക്കാലമായി തകര്‍ന്ന് കിടക്കുകയായിരുന്നു. ഇതില്‍ മാണി.സി.കാപ്പന്‍ എം.എല്‍.എ ഇടപെട്ട് കോട്ടയം ജില്ലാ അതിര്‍ത്തിക്കുള്ളില്‍ വരുന്ന റോഡ് ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് നടത്തി നവീകരിച്ചിരുന്നു. ഇടുക്കി ജില്ലയുടെ ഭാഗത്തെ റോഡ് മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ ഇതു വഴി ഗതാഗതം ദുഷ്‌കരമാണ്. ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലയിലെത്തുന്നവരും കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയിലെത്തി ഇവിടെ നിന്നും ഇലവീഴാപ്പൂഞ്ചിറയ്ക്കു പോകണ്ട ഗതികേടിലാണ്. 1.5 കിലോമീറ്റര്‍ റോഡ് പൂര്‍ത്തിയാക്കിയാല്‍ വാഗമണ്‍ സന്ദര്‍ശനം നടത്താനെത്തുന്നവര്‍ക്ക് കൂവപ്പള്ളിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ ഇലവീഴാപ്പൂഞ്ചിറയിലെത്താം. കൂടാതെ റോഡ് പൂര്‍ത്തിയാക്കിയാല്‍ കാഞ്ഞാറില്‍ നിന്നും ഇലവീഴാപൂഞ്ചിറ വഴി കാഞ്ഞിരംകവലയില്‍ എത്താന്‍ സാധിക്കും. ഇത് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കുളള യാത്രക്കാര്‍ക്ക് 10 കിലോമീറ്ററിലേറെ ദൂരം ലാഭിക്കാന്‍ കഴിയും. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ ടൂറിസം പദ്ധതിക്കും റോഡ് ഏറെ ഗുണകരമാകും. കൂടാതെ രണ്ടു ജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന ഹൃസ്വദൂര റോഡായും ഇത് മാറും.

Related Articles

Back to top button
error: Content is protected !!