Thodupuzha

മരങ്ങള്‍ നിയമ വിരുദ്ധമായി മുറിച്ച സംഭവം:  നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍  

തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ നിന്ന മരങ്ങള്‍ ഉടമക്ക് നോട്ടീസ് നല്‍കാതെയും കോടതി തീര്‍പ്പ് വരെ കാത്തു നില്‍ക്കാതെയും കരിമണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറി മനപൂര്‍വം മുറിച്ചു മാറ്റിയെന്ന പരാതിയില്‍ വസ്തു ഉടമക്ക് 25000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കരിമണ്ണൂര്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫില്‍ നിന്നും തുക ഈടാക്കാവുന്നതാണെന്നും കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവില്‍ പറഞ്ഞു. നിയമ വിരുദ്ധമായി മരങ്ങള്‍ മുറിച്ച മുന്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ ഇല്ലെങ്കില്‍ നിയമപ്രകാരം അധികാരമുള്ള ഉദ്യോഗസ്ഥരോ വകുപ്പുതല അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വസ്തു ഉടമയും പരാതിക്കാരിയുമായ കരിമണ്ണൂര്‍ നെയ്യശേരി സ്വദേശിനി ആഗ്‌നസ് ഫ്രാന്‍സിസിന് കൂടുതല്‍ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഉത്തരവാദപ്പെട്ടവരില്‍ നിന്നും കോടതി മുഖാന്തിരം ഈടാക്കാമെന്നും ഉത്തരവില്‍ പറഞ്ഞു. വിഷയത്തില്‍ അന്നത്തെ ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഇടപെടല്‍ അനധികൃതമായിരുന്നോ എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. അനധികൃത ഇടപെടല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ ഉദ്യോഗസ്ഥനെതിരെയും വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉത്തരവ് നല്‍കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ മെയ് 31 നകം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മിഷനെ രേഖാമൂലം അറിയിക്കണം. കേസ് ജൂണ്‍ 6 ന് പരിഗണിക്കും.

Related Articles

Back to top button
error: Content is protected !!