ChuttuvattomThodupuzha

അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കും; തെരുവ് കച്ചവട നിയമത്തിന്റെ കരടിന് അംഗീകാരം നൽകി നഗരസഭ

തൊടുപുഴ: നഗരത്തിലെ അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരസഭ കൗൺസിൽ യോഗം തെരുവ് കച്ചവട നിയമത്തിന്റെ കരടിന് അംഗീകാരം നൽകി. വാഹന ഗതാഗതത്തിനും ജനങ്ങൾക്കും തടസം ഉണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്ന തെരുവു കച്ചവടം നിയന്ത്രിക്കുന്നതിനാണ് നിയമം കൊണ്ടു വരുന്നത്. റോഡുകളുടെ പ്രാധാന്യം, വീതി എന്നിവയുടെ അടിസ്ഥാനത്തിൽ തെരുവ് കച്ചവട മേഖലകളെ തരംതിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് കൗൺസിൽ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മുനിസിപ്പൽ ബസ് സ്റ്റാൻഡ് മുതൽ ഗാന്ധി സ്‌ക്വയർ വരെയും, റിവർ വ്യൂ റോഡ്, കാരിക്കോട് ക്ഷേത്ര പരിസരം, മൗര്യ ഹോട്ടലിന് മുൻവശം, വിമല പബ്ലിക് സ്‌കൂൾ പരിസരം എന്നിവിടങ്ങൾ തെരുവ് കച്ചവട നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ യാതൊരുവിധ തെരുവ് കച്ചവടങ്ങളും ഇനി അനുവദിക്കില്ല.

അനധികൃത തെരുവ് കച്ചവടം തടയുന്നതിനും തെരുവ് കച്ചവട തിരിച്ചറിയൽ കാർഡിന്റെ ദുരുപയോഗം ഇല്ലാതാക്കുന്നതിനുമായി കച്ചവടക്കാർക്ക് വെൻഡിങ് സർട്ടിഫിക്കറ്റ് നൽകാനും ഇതിന് ഫീസ് ഈടാക്കാനും തീരുമാനിച്ചു. വെൻഡിങ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും ഇല്ലാതെ നഗര പരിധിയിൽ തെരുവ് കച്ചവടം ചെയ്യുന്നവരെ മുന്നറിയിപ്പു കൂടാതെ ഒഴിപ്പിക്കുന്നതിനും ഒരു തെരുവ് കച്ചവട ലൈസൻസിന്റെ മറവിൽ ഒന്നിലധികം ഇടങ്ങളിൽ കച്ചവടം ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. കച്ചവടം ചെയ്യുന്നതിനായി പരമാവധി ഉപയോഗിക്കാവുന്ന സ്ഥലം 25 സ്‌ക്വയർ ഫീറ്റ് ആയി നിജപ്പെടുത്തുവാനും, ഉപജീവന ഉപാധിയുടെ മറവിൽ നഗരസഭ പരിധിയിൽ ചെയ്തുവരുന്ന അനധികൃത തെരുവ് കച്ചവടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കൗൺസിൽ തീരുമാനിച്ചു.

നഗരസഭ പരിധിയിലെ അംഗീകൃത തെരുവ് കച്ചവടക്കാർക്ക് വെൻഡിങ് സർട്ടിഫിക്കറ്റ് നൽകുന്നതിനുളള അപേക്ഷകൾ ഒക്ടോബർ 15 വരെ സ്വീകരിക്കും. അപേക്ഷ ഫോമിനും അനുബന്ധ വിവരങ്ങൾക്കുമായി നഗരസഭയിലെ എൻ.യു.എൽ.എം വിഭാഗവുമായി ബന്ധപ്പെടണം. തൊടുപുഴ നഗരസഭ തെരുവ് കച്ചവട കരട് ബൈലോ ജനങ്ങളിൽ നിന്നും ആക്ഷേപങ്ങളും അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുമായി നഗരസഭ ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ 25 വരെ ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ബൈലോ അന്തിമമാക്കാനും തീരുമാനിച്ചു. ബൈലോ സംബന്ധിച്ച ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ തൊടുപുഴ നഗരസഭ സെക്രട്ടറിക്ക് മുമ്പാകെ ഒക്ടോബർ 25നകം അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!