IdukkiLocal Live

അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വര്‍ഷം

ഇടുക്കി : അരിക്കൊമ്പന്‍ എന്ന ഒറ്റയാനെ നാടുകടത്തിയിട്ട് ഇന്ന് ഒരു വര്‍ഷം. 2023 ഏപ്രില്‍ 29നാണ് ആ വലിയ ദൗത്യം നടന്നത്.ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ വിവിധ ജനവാസമേഖലകളില്‍ ഭീതി പരത്തിയ ഒറ്റയാനായിരുന്നു അരി കൊമ്പന്‍. ചിന്നക്കനാല്‍ സിമന്റ് പാലത്തുനിന്ന് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മേഖലയില്‍നിന്ന് ആദ്യം മാറ്റിയത് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് ആയിരുന്നു. നാലു ദിവസങ്ങള്‍ക്ക് ശേഷം ആന തമിഴ്‌നാട് കമ്പത്ത് ജനവാസ മേഖലകളില്‍ ഇറങ്ങി ഭീതി പരത്തി. ഇതിനിടെ വഴിയാത്രക്കാരനെ ആക്രമിച്ചു, ആള്‍ മരിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ച് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി തിരുനെല്‍വേലി ജില്ലയിലെ കോതയാര്‍ വനമേഖലയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഇതേ വനമേഖലയിലാണ് ചിന്നക്കനാല്‍ മേഖലയെ വിറപ്പിച്ച അരിക്കൊമ്പനുള്ളത്.

ദൗത്യസംഘം മാസങ്ങളോളം ചിന്നക്കനാല്‍ മേഖലയില്‍ താമസിച്ച് നാലോളം കുങ്കിയാനകളുടെ സഹായത്തോടുകൂടിയാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ലോക വെറ്ററിനറി ദിനത്തില്‍ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. ഇന്നും ചിന്നക്കനാല്‍ മേഖല അരിക്കൊമ്പന്‍ എന്ന കാട്ടാനയുടെ വിഹാര കേന്ദ്രം എന്ന നിലയില്‍ നിരവധി സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണ്. ദൗത്യം പൂര്‍ത്തീകരിച്ച ചിന്നക്കനാല്‍ സിമന്റ്് പാലം മേഖലയിലും സഞ്ചാരികള്‍ എത്താറുണ്ട്. കാട്ടാനയെ പിടികൂടി ആനിമല്‍ ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയ കൊച്ചി – ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ചിന്നക്കനാല്‍ ആനയിറങ്ങല്‍ മേഖലയിലെ സുന്ദരമായ വഴി സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

അരിക്കൊമ്പന്‍ പോയതിനുശേഷം ചിന്നക്കനാല്‍ മേഖലയില്‍ കാട്ടാന ആക്രമണങ്ങള്‍ നന്നേ കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വീണ്ടും കാട്ടാനശല്യം വര്‍ധിച്ചിരിക്കുകയാണ്. ഇതിനിടയില്‍ രണ്ടുപേരുടെ ജീവനും കാട്ടാന എടുത്തു. പന്നിയാര്‍ സ്വദേശിനി പരിമളവും ചിന്നക്കനാല്‍ സ്വദേശി സൗന്ദര്‍ രാജയുമാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. അരിക്കൊമ്പനു ശേഷം ചക്കക്കൊമ്പനും മുറിവാലന്‍ കൊമ്പനും ആണ് മേഖലയില്‍ ഇപ്പോള്‍ ഭീതി വിതയ്ക്കുന്നത്. ഇരുപതോളം കാട്ടാനകളാണ് ചിന്നക്കനാല്‍ മേഖലയില്‍ ഇപ്പോഴുള്ളത്. അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ച് അരി എടുത്തിരുന്ന പന്നിയാറിലെ റേഷന്‍ കടയ്ക്ക് വൈദ്യുതി വേലി നിര്‍മിച്ചു സംരക്ഷണം ഒരുക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ നാളുകളില്‍ ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ച് അരി എടുത്തു തിന്നിരുന്നു. റേഷന്‍കടയുടെ ഭിത്തിയും ഭാഗികമായി നശിപ്പിക്കപ്പെട്ടു.സ്‌പെഷല്‍ ആര്‍ആര്‍ടി സംഘം ചിന്നക്കനാല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ നിരീക്ഷണത്തെത്തുടര്‍ന്നുള്ള നിര്‍ദേശങ്ങളിലാണ് മേഖലയിലെ ജനങ്ങളുടെ ജീവിതം സുഗമമായി ഇപ്പോള്‍ പോകുന്നത്.

Related Articles

Back to top button
error: Content is protected !!