ChuttuvattomThodupuzha

ട്രഷറി നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ആരോപണം

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളും പദ്ധതി നിര്‍വഹണവും നിലച്ചതായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ കാലങ്ങളില്‍ തങ്ങളുടെ തനത് ഫണ്ട് ദേശസാല്‍കൃത ബാങ്കുകളിലാണ് നിക്ഷേപിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവിലൂടെ ഇത്തരം നിക്ഷേപങ്ങള്‍ ട്രഷറിയിലേക്ക് മാറ്റി. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിന്നും പിന്‍വലിക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പദ്ധതി വിഹിതമായി സര്‍ക്കാര്‍ തന്നിരിക്കുന്ന ഫണ്ടില്‍ നിന്നും നേരത്തെ അഞ്ച് ലക്ഷം രൂപാ വരെയുള്ള ബില്ലുകള്‍ മാത്രമാണ് ട്രഷറിയില്‍ നിന്നും പാസ്സാക്കി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത് 10,000 രൂപയാക്കി ചുരുക്കി. അപ്രഖ്യാപിത ട്രഷറി നിയന്ത്രണം തുടരുന്നതിന്റെ ഫലമായി നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും, സമൂഹത്തിലെ ദുര്‍ബലരുടെ ഉന്നമനത്തിനായിട്ടുള്ള സവിശേഷ പദ്ധതികളുടെ പോലും നടത്തിപ്പ് അവതാളത്തിലായി. തദ്ദേശ സ്ഥാപനങ്ങള്‍ നിക്ഷേപിക്കുന്ന പണം പോലും ട്രഷറി നിയന്ത്രണത്തിന്റെ പേരില്‍ പിന്‍വലിക്കാന്‍ കഴിയാത്ത ഗുരുതര സാഹചര്യത്തില്‍ പദ്ധതി വിഹിതം ഏറ്റവും കൂടുതല്‍ ചെലവഴിക്കാന്‍ കഴിയുന്ന നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ എന്ത് നടപടി കൈക്കൊള്ളും എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് കത്തയച്ചതായി ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ മാത്യു.കെ.ജോണ്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!