Thodupuzha

 ‘ജനനി’ ചികിത്സാ പദ്ധതി; ദമ്പതികള്‍ക്ക് ആശ്രയമായി മുട്ടത്തെ ജില്ലാ ആശുപത്രി

 

തൊടുപുഴ: മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടപ്പാക്കിയ ‘ജനനി’ പദ്ധതി നിരവധിയാളുകള്‍ക്ക് പ്രയോജനകരമാകുന്നു. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാതെ നിരാശയില്‍ കഴിയുന്ന ദമ്പതികള്‍ക്ക് വേണ്ടിയുളള ചികിത്സാ പദ്ധതിയാണ് ജനനി. വിവിധ ചികിത്സകള്‍ നടത്തി വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും നിരവധി ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാത്ത അവസ്ഥയുണ്ട്. ലക്ഷങ്ങള്‍ ചിലവഴിച്ച് സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ചികിത്സിച്ച നടത്തിയിട്ടും ഒരു പ്രയോജനവും ലഭിക്കാത്തവരും അനവധിയാണ്.

ഇടുക്കിയില്‍ മുട്ടത്ത് മാത്രം

എന്നാല്‍ ഹോമിയോ വകുപ്പിന്റെ ജനനി പദ്ധതി പ്രകാരമുള്ള ചികിത്സയിലൂടെ അനേകം ദമ്പതികള്‍ക്ക് കുട്ടികളുണ്ടായതായി ജില്ലാ ഹോമിയോ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആദ്യ കുട്ടിയുണ്ടായിട്ട് രണ്ടാമതൊരു കുട്ടി കൂടിയുണ്ടാകാതെ സങ്കടപ്പെടുന്ന ദമ്പതികള്‍ക്കും ഈ ചികിത്സ പ്രയോജനകരമായിട്ടുണ്ട്. ഹോമിയോ വകുപ്പിന്റെ സീതാലയം പദ്ധതിയുടെ ഭാഗമായി 2014 – 15 വര്‍ഷത്തിലാണ് ജനനി ചികിത്സ സംസ്ഥാനത്ത് ആരംഭിച്ചത്. ജില്ലയില്‍ ജനനിയുടെ പ്രവര്‍ത്തനം 2019 ഒക്ടോബര്‍ 21നാണ് മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആരംഭിച്ചത്. ഇടുക്കിയില്‍ ജനനി ചികിത്സ മുട്ടത്തെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ മാത്രമാണുള്ളത്.

അനേകമാളുകള്‍ക്ക് പ്രയോജനം

ചികിത്സ തേടി എത്തിയ ദമ്പതികളില്‍ 168 സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സംഭവിക്കുകയും 134 പേര്‍ക്ക് കുട്ടികളുണ്ടാവുകയും ചെയ്തു. അടുത്ത നാളുകളില്‍ ചികിത്സ തേടി എത്തിയവര്‍ക്കുള്ള ചികിത്സ തുടരുകയാണ്. പദ്ധതിയുടെ ആരംഭത്തില്‍ ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമാണ് മുട്ടത്ത് ജനനി ചികിത്സയുടെ ഒ.പി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ ജനനി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എറണാകുളം, തൃശൂര്‍, കോട്ടയം എന്നിങ്ങനെ സമീപ ജില്ലകളില്‍ നിന്നും നിരവധി ദമ്പതികള്‍ ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. ലക്ഷങ്ങള്‍ ചിലവിട്ട് വിദേശങ്ങളില്‍ ചികിത്സ നടത്തി പ്രയോജനം ലഭിക്കാത്ത വിദേശ മലയാളികളായ അനേകം ദമ്പതികള്‍ക്കും ജനനി പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ചികിത്സ സൗജന്യം

കുറഞ്ഞ ചിലവില്‍ ജനനി പദ്ധതിയിലൂടെ ചികിത്സ ലഭ്യമാണ്. മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയിലെ ജനനിയുടെ സ്‌പെഷ്യല്‍ ഡോക്ടറെ കാണാന്‍ 10 രൂപയുടെ ഒ.പി ടിക്കറ്റ് മാത്രം മതി. ചികിത്സയും മരുന്നും പൂര്‍ണ്ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സജിത.ആര്‍, കണ്‍വീനര്‍, ജനനി പദ്ധതി ജില്ലാ ഹോമിയോ ആശുപത്രി മുട്ടം ഫോണ്‍: 04862255313 (ജനനി ക്ലിനിക്), 04862256780 (ഓഫീസ്).

Related Articles

Back to top button
error: Content is protected !!