Thodupuzha

ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ റെയ്ഡ്, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു

തൊടുപുഴ: ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു.മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഏഥന്‍സ് ജോബ് കണ്‍സള്‍ട്ടന്‍സിയിലാണ് തൊടുപുഴ പൊലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമ ഇടുക്കി ചുരുളി ആലപ്ര ചെറുപറമ്ബില്‍ ജോര്‍ജന്‍ സി. ജെസ്റ്റിക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു.

 

ഇയാളുടെ വീട്ടിലും പരിശോധന നടത്തി. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ ഇവിടെ നിന്ന് തയാറാക്കി നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു. വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലിവിംഗ് എക്‌സ്‌പെന്‍സായി നിശ്ചിത സംഖ്യയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിക്കേണ്ടത് നിര്‍ബന്ധമാണ്.

 

ഇതിനായി ഫെഡറല്‍ ബാങ്കിന്റെ പേരില്‍ നിര്‍മിച്ച നിരവധി വ്യാജ രേഖകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. ബാങ്കിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്. ഫെഡറല്‍ ബാങ്ക് മാനേജരുടെ വ്യാജ ഒപ്പും ഈ രേഖകളില്‍ ഉണ്ടെന്ന് കണ്ടെത്തി. ബാങ്കിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കിയ രേഖകള്‍ അതത് രാജ്യങ്ങള്‍ സ്ഥിരീകരിക്കാനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. ഇതോടെയാണ് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത്.

Related Articles

Back to top button
error: Content is protected !!