Keralapolitics

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തി കെ സുധാകരന്‍; ചടങ്ങില്‍ നിന്ന് വിട്ടു നിന്ന് എംഎം ഹസന്‍

തിരുവനന്തപുരം :   വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കൊടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തി കെ.സുധാകരൻ. ഇന്ദിരാഭവനിലെ ചുതലയേൽക്കൽ ചടങ്ങിൽ ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുത്തില്ല. ഹസ്സനെടുത്ത ചില തീരുമാനങ്ങൾ റദ്ദാക്കുമെന്ന് സുധാകരൻ സൂചിപ്പിച്ചു. കസേരയിൽ നിന്ന് അങ്ങനെയൊന്നും തന്നെ ഇറക്കാനാകില്ലെന്ന് സുധാകരൻ പറഞ്ഞു.ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഒഴിഞ്ഞ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനുള്ള വഴികള്‍ കെ സുധാകരന് എളുപ്പമായിരുന്നില്ല. തെരഞ്ഞെടുപ്പ് തീർന്നപ്പോൾ സ്വാഭാവികമായി കിട്ടേണ്ട പദവിക്കെതിരെ സംസ്ഥാനത്തു നിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടായിരുന്നത്.

ഫലം വരട്ടെയെന്ന് ആദ്യം നിലപാടെടുത്ത ഹൈക്കമാൻഡ് കെ സുധാകരന്‍റെ സമ്മര്‍ദത്തോടെ മാറി ചിന്തിക്കുകയായിരുന്നു. കടുത്ത നിലപാടിലേക്ക് പോകേണ്ടിവരുമെന്ന് സുധാകരൻ അറിയിച്ചതോടെയാണ് ചുമതല ഏൽക്കാൻ ദില്ലിയുടെ അനുമതി കിട്ടിയത്. ഇന്ദിരാഭവനിൽ വീണ്ടുമെത്തുമ്പോൾ ആക്ടിംഗ് പ്രസിഡന്റ്
ഹസൻ അടക്കമുള്ള പ്രമുഖ നേതാക്കളില്ല. പദവി തിരിച്ചുനൽകൽ ഔദ്യോഗിക ചടങ്ങല്ലെന്നാണ് നേതാക്കളുടെ വിശദീകരണമെങ്കിലും വിട്ടുനിൽക്കലിന് കാരണം അതൃുപ്തി തന്നെയാണെന്നാണ് അണിയറ സംസാരം.

വിദേശ യാത്രയിലൂടെ സ്വന്തം പാര്‍ട്ടിക്കാരെയാണ് മുഖ്യമന്ത്രി ചതിച്ചതെന്ന് കെ സുധാകരൻ

വിദേശ യാത്രയിലൂടെ സ്വന്തം പാര്‍ട്ടിക്കാരെയാണ് മുഖ്യമന്ത്രി ചതിച്ചതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരൻ. മോദിക്കെതിരേ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മുങ്ങിയത്. നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ പ്രചാരണം നടത്താതെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ ചതിച്ചാണ് യാത്ര പോയത്. മുഖ്യമന്ത്രിയുടെ യാത്രയുടെ സാമ്പത്തിക ഉറവിടം എന്താണെന്നും  ആരാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും കണ്ടെത്തണം. സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും ഭരണസ്തംഭനമാണ്. ഉഷ്ണ തരംഗ സാഹചര്യത്തില്‍  ദുരന്തനിവാരണ വകുപ്പിന്‍റെ  ചുമതലയെങ്കിലും കൈമാറാനുള്ള വിവേകം  മുഖ്യമന്ത്രി കാട്ടണമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!