KochiThodupuzha

കളമശ്ശേരി സ്ഫോടനം; മരിച്ചത് കാളിയാർ സ്വദേശി കുമാരി

തൊടുപുഴ: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് നടന്ന ബോംബ് സ്‌ഫോടനത്തിൽ മരിച്ചവരിൽ തൊടുപുഴ സ്വദേശിനിയും. തൊടുപുഴ കാളിയാർ കുളത്തിൽ പരേതനായ പുഷ്പന്റെ ഭാര്യ കുമാരി (53) ആണ് മരിച്ചത്. കാളിയാർ കോയാംപടിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു കുമാരിയും കുടുംബവും. സമ്മേളനത്തിൽ മൂന്നു ദിവസവും കുമാരി പങ്കെടുത്തിരുന്നു. സ്‌ഫോടനത്തിൽ മാരകമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് കുമാരി മരണമടഞ്ഞത്.

നാലുവർഷം മുമ്പാണ് ഇവർ യഹോവ സാക്ഷി വിശ്വാസത്തിലേയ്ക്ക് വന്നത്. പത്തു വർഷം മുമ്പ് ഭർത്താവ് മരിച്ചതിനെ തുടർന്ന് തൊഴിലുറപ്പ് ജോലിയെടുത്താണ് കുടുംബം പുലർത്തിയിരുന്നത്. കുടുംബശ്രീ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. തൊഴിലുറപ്പ് മേറ്റ് ആക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും കഴിഞ്ഞ ദിവസം തൊഴിലുറപ്പു ജോലിക്കിടെ കണ്ടിരുന്നതായും വാർഡ് മെംബർ റഹീമ പറഞ്ഞു. സംസ്‌കാര സമയം നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം നിശ്ചയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: ശ്രീരാഗ്, ശ്രീരാജ്. മരുമകൾ: ദിവ്യ. ഇതിനു പുറമെ ജില്ലയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്ത നാലു പേർക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ.എ.ജോൺ, ഭാര്യ ലില്ലി, കാളിയാർ കാഞ്ഞിരത്തിങ്കൽ ഗ്രേസി ഡോയി, അടിമാലി പത്താംമൈൽ സ്വദേശിനി മോളി സിറിയക് എന്നിവരാണ് ജില്ലയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്ത് പരിക്കേറ്റ് ചികിൽസയിലുള്ളത്. മോളി സിറിയകിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!