Thodupuzha

കാര്‍ബണ്‍ ഫണ്ട് ഉപയോഗിച്ചുള്ള കുടിയിറക്ക് സര്‍ക്കാര്‍ നയം: കേരളാ കോണ്‍ഗ്രസ്

തൊടുപുഴ: ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയിട്ടുള്ള എല്ലാ ഉറപ്പുകളും ജില്ലയിലെ കര്‍ഷകര്‍ക്ക് തീര്‍ത്തും വിശ്വാസമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ.ജേക്കബ്. മുഖ്യമന്ത്രി ഇതിനകം ഇടുക്കി ജില്ലയ്ക്കായി നല്‍കിയിട്ടുള്ള ഉറപ്പുകളെല്ലാം ജലരേഖയായി നിലനില്‍ക്കുകയാണ്. സംരക്ഷിത വനങ്ങളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന് ആദ്യം തീരുമാനിച്ചത് സംസ്ഥാന മന്ത്രിസഭയാണ്. ഈ തീരുമാനം ഇന്നും തിരുത്താതെ നിലനില്‍ക്കുകയാണ്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ബഫര്‍ സോണ്‍ തയാറാക്കല്‍ ആരംഭിച്ചത്. കര്‍ഷകരോട് നീതി പുലര്‍ത്താതെ, കണ്ണില്‍ ചോരയില്ലാതെ തയാറാക്കിയ പുതിയ റിപ്പോര്‍ട്ടിനെതിരെ നാനാഭാഗത്തു നിന്നും എതിര്‍പ്പുണ്ടാകുന്നതുവരെ മുഖ്യമന്ത്രി തികച്ചും മൗനം പാലിക്കുകയാണ് ചെയ്തത്. ജില്ലയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനാകട്ടെ ഉപഗ്രഹ റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് ഹാനികരമല്ലെന്ന നിലയില്‍ പ്രസ്ഥാവന പുറപ്പെടുവിക്കുകയും ചെയ്തു. പരമാവധി കാര്‍ബണ്‍ ഫണ്ട് ഇടുക്കിയുടെ മലയോര മേഖലയില്‍ ചെലവഴിക്കാനുള്ള വേദി ഒരുക്കലാണ് സംസ്ഥാന സര്‍ക്കാരിന്റെ ബഫര്‍സോണ്‍ നയമെന്ന് വ്യക്തമാണ്. കര്‍ഷക താല്‍പര്യങ്ങളേക്കാള്‍ കാര്‍ബണ്‍ ഫണ്ട് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് ഇതുവരെയുള്ള പ്രവൃത്തികള്‍ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹത്തിനെതിരെ 20 ന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ സാന്നിധ്യത്തില്‍ ചേരുന്ന കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു

Related Articles

Back to top button
error: Content is protected !!