Karimannur

സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനുനേരേ ആക്രമണം; അഞ്ചുപേര്‍ അറസ്റ്റില്‍

കരിമണ്ണൂര്‍: സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനുനേരെ ആക്രമണം. പാര്‍ട്ടി ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തു.ഓഫിസിലുണ്ടായിരുന്ന എസ്.എഫ്.ഐ കരിമണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി അര്‍ജുന്‍ സാബു (19), ഡി.വൈ.എഫ്.ഐ കരിമണ്ണൂര്‍ മേഖല കമ്മിറ്റി അംഗം ജോയല്‍ ജോസ് (21) എന്നിവര്‍ക്ക് പരിക്കേറ്റു. പരാതിയില്‍ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നൂര്‍ സ്വദേശികളായ ജോസ്ബിന്‍, നോബിള്‍, വിവേക്, കരിമണ്ണൂര്‍ സ്വദേശി മണികണ്ഠന്‍, തൊടുപുഴ സ്വദേശി ആഷിക് എന്നിവരെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പന്നൂരില്‍ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചിലര്‍ക്കെതിരെ മുമ്ബ് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പൊലീസ് ചിലരെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.ഇതുസംബന്ധിച്ച്‌ ഇരുവിഭാഗം തമ്മില്‍ പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതാണ് ഓഫിസിന് നേരെയുള്ള അക്രമത്തില്‍ കലാശിച്ചതെന്ന് സി.പി.എം പറയുന്നു. കരിമണ്ണൂര്‍ സി.ഐ അബിയുടെ നേതൃത്വത്തില്‍ പരിക്കേറ്റവരെയും കസ്റ്റഡിയില്‍ എടുത്തവരെയും വൈദ്യപരിശോധനക്ക് ജില്ല ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം കരിമണ്ണൂരില്‍ പ്രകടനം നടത്തി.അക്രമത്തിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. എന്നാല്‍, തങ്ങള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. തങ്ങളുടെ പേര് വലിച്ചിഴച്ച്‌ സി.പി.എമ്മിനുണ്ടായ നാണക്കേട് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!