Thodupuzha

കൗസല്ല്യക്ക് ഇരട്ടിമധുരമായി പുതിയ കവിതാ സമാഹാരം

 

തൊടുപുഴ: കൗസല്ല്യക്ക് വാലന്റയിന്‍സ് ഡേ ഇരട്ടിമധുരമുള്ള ദിവസമായിരുന്നു. പിറന്നാള്‍ദിനത്തില്‍ പുതിയ കവിതാസമാഹാരം അച്ചടിച്ചു പുറത്തിറങ്ങിയതിന്റെ സന്തോഷം ചില്ലറയല്ല…. കൗസല്യ കൃഷ്ണന്‍ കഴിഞ്ഞ 25 വര്‍ഷമായി തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കടകളിലുമെല്ലാം ഏവര്‍ക്കും സുപരിചിതയാണ്. 11 വര്‍ഷം പുസ്തകക്കച്ചവടം. പിന്നീട് ലോട്ടറിവില്‍പന. ഒഴിവു സമയങ്ങളിലെല്ലാം തൊടുപുഴ സാഹിത്യവേദിയിലും മറ്റ് സാഹിത്യസദസുകളിലുമെല്ലാം നിത്യസന്ദര്‍ശക.

കനലെരിയുന്ന ജീവിതവഴികളിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് മേല്‍ വീഴുന്ന നനുത്ത കുളിര്‍മഴയാണ് കൗസല്യക്ക് കവിതാരചന. ആദ്യകവിതാസമാഹാരമായ കനല്‍ജീവിതത്തിനുശേഷം രണ്ടാമത്തെ കവിതാസമാഹാരമായ ‘മഴയ്ക്ക് മുമ്പേ’യാണ് വാലന്റൈന്‍ ദിനത്തില്‍ പുറത്തിറക്കിയത്. കനല്‍ ജീവിതം മൂവായിരത്തിലേറെ കോപ്പികള്‍ വിറ്റുപോയി. ലോട്ടറി വിറ്റു കിട്ടുന്ന പണം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ തികയാതെ വന്നപ്പോള്‍ കൗസല്യയുടെ അവസ്ഥ മനസിലാക്കിയ പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അവരുടെ കയ്യില്‍ നിന്നും പണം മുടക്കിയാണ് ആദ്യകവിതാസമാഹാരം പുറത്തിറക്കിയത്. അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പ്രകാശനം നിര്‍വഹിച്ചു. കവിതയ്ക്ക് നിരവധി പുരസ്‌കാരങ്ങളും കൗസല്യക്ക് ഇതിനോടകം ലഭിച്ചു. സമാഹാരത്തിന്റെ പ്രകാശനം 16ന് തൊടുപുഴ പഗോഡ ബുക്ക് ആര്‍ട്ടില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!