National

കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്, 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി :മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലേക്ക്. കെജ്‌രിവാളിനെ ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട്  ഡല്‍ഹി റൗസ് അവന്യു കോടതി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഉടന്‍ തന്നെ കെജ്‌രിവാളിനെ ജയിലിലേക്ക് മാറ്റും. തിഹാര്‍ ജയിലിലേക്കായിരിക്കും കെജ്‌രിവാളിനെ മാറ്റുക. സുനിത കെജ്‌രിവാളും റൗസ് അവന്യു കോടതിയിലെത്തിയിരുന്നു. കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്. സെന്തില്‍ ബാലാജി കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യം. കെജ്‌രിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ഭാവിയില്‍ തങ്ങള്‍ക്ക് കസ്റ്റഡി ആവശ്യമായിവരുമെന്നും ഇഡി വ്യക്തമാക്കി. കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്ന ഡിജിറ്റല്‍ ഡിവൈസുകളുടെ പാസ്വേഡുകള്‍ നല്‍കിയിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറിയില്ല എന്നത് മാത്രമാണ് മറുപടിയെന്നും ഇഡി കോടതിയില്‍ വാദിച്ചു.

കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ 28 ന് ദില്ലി റൗസ് അവന്യൂ കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലവധി നാല് ദിവസത്തെക്ക് കൂടി നീട്ടിയിരുന്നു. അരവിന്ദ്
കെജ്‌രിവാളിന്റെ ഫോണിലെ വിവരങ്ങള്‍ എടുക്കാന്‍ ആപ്പിളിന്റെ സഹായം ഇഡി തേടിയിരുന്നെങ്കിലും കമ്പനി ഇതിന് തയ്യാറായിട്ടില്ല എന്നാണ് സൂചന. അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ പരിശോധിക്കുന്നത് ഇന്ത്യ സഖ്യവുമായുള്ള ചര്‍ച്ചയുടെ വിശദാംശം ചോര്‍ത്താനാണെന്നായിരുന്നു എഎപിയുടെ പ്രതികരണം.

 

Related Articles

Back to top button
error: Content is protected !!