Thodupuzha

ബജറ്റ് കനിയുമോ?; നാളത്തെ സംസ്ഥാന ബജറ്റില്‍ പ്രതീക്ഷയോടെ ഇടുക്കി

ടുപുഴ: വിളകളുടെ വിലത്തകര്‍ച്ച മൂലം ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ചെറുതല്ല. അതുകൊണ്ട് തന്നെ ജില്ലയുടെ നട്ടെല്ലായ കാര്‍ഷിക മേഖല വളരെ പ്രതീക്ഷയോടെയാണ് വെള്ളിയാഴ്ച ധനമന്ത്രി അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിനെ നോക്കിക്കാണുന്നത്.

തോട്ടവിള കൃഷി അനാകര്‍ഷകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പണിയെടുക്കുന്ന തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും താഴേക്ക് പോകുന്നു. ഈ സാഹചര്യത്തില്‍ തോട്ടം മേഖലക്ക് ഗുണകരമാകുന്ന ഒരു ബജറ്റ് കൂടിയായിരിക്കും ഇത്തവണത്തേതെന്നാണ് ജില്ലയുടെ പ്രതീക്ഷ.

അതേസമയം, മുന്‍ കാലങ്ങളിലെ ബജറ്റുകളിലെ പല പ്രഖ്യാപനങ്ങളും പൂര്‍ണതോതില്‍ നടപ്പാക്കാനായിട്ടില്ലെന്നതും വസ്തുതയാണ്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും ലക്ഷ്യത്തിലെത്താതെ കിടക്കുന്നു. ലയങ്ങളിലെ ജീവിതം ഇപ്പോഴും നരകതുല്യമാണ്. വന്യമൃഗശല്യത്തിന് തടയിടാനും മുമ്ബ് പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടില്ല. ടൂറിസം സെന്‍ററുകളെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനങ്ങള്‍ പലപ്പോഴും ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണ്. ചില സെന്‍ററുകളൊക്കെ മോടികൂട്ടിയെങ്കിലും പലതിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പദ്ധതികളുമുണ്ട്. വലിയ പ്രതീക്ഷകളുമായി എത്തിയ ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രഖ്യാനപനങ്ങളും ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷി, വ്യവസായം, ടൂറിസം എന്നിവയുടെ വികസനം, പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കല്‍, ദാരിദ്ര നിര്‍മാര്‍ജനം എന്നിങ്ങനെ ആറു മേഖലയിലായി അഞ്ചു വര്‍ഷംകൊണ്ട് ഇടുക്കിയുടെ സമഗ്ര വികസനമാണ് നേരത്തേ പ്രഖ്യാപിച്ച ഇടുക്കി പാക്കേജിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ബജറ്റില്‍ പാക്കേജിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരമാര്‍ശമുണ്ടാകുമെന്ന് കരുതുന്നു. ദേശീയ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള മൂന്നാര്‍, തേക്കടി, വാഗമണ്‍, ഇടുക്കി തുടങ്ങിയ ഭൂപ്രദേശങ്ങള്‍ മാത്രമല്ല ഹൈറേഞ്ചിലെ ഓരോ ഗ്രാമ പ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

ഈ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യത്തില്‍ പ്രധാന വെല്ലുവിളി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. നല്ല റോഡുകള്‍ എന്നത് പലയിടങ്ങളിലും സ്വപ്നമായി ഇപ്പോഴും അവശേഷിക്കുന്ന കാര്യമാണ്.

റോഡ്, പാലങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രഖ്യാപനങ്ങളടക്കം ജില്ലക്ക് അനുകൂലമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!