Thodupuzha

വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ കര്‍ഷകരെ കുടിയിറക്കുന്നതിനെതിരെ കേരളാ കോണ്‍ഗ്രസ് ഹൈക്കോടതിയിലേയ്ക്ക്

 

 

തൊടുപുഴ : വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി കര്‍ഷകരെ തങ്ങളുടെ ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷി നാശത്തില്‍ നിന്നും ജില്ലയിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ ബാദ്ധ്യതയുള്ള സര്‍ക്കാര്‍ കര്‍ഷകരുടെ ഭൂമിയിലേയ്ക്ക് വന്യമൃഗങ്ങള്‍ ഇറങ്ങി സൈ്വര വിഹാരം നടത്താന്‍ അനുവദിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ഷകരെ കൈവശ ഭൂമിയില്‍ നിന്നും നഷ്ടപരിഹാരമായി തുച്ഛമായ പണം നല്‍കി കുടിയൊഴിപ്പിക്കുകയാണ്. പ്രകൃതിക്ഷോഭവും കൃഷിനാശവും മൂലം സര്‍വതും നഷ്ടപ്പട്ടു നില്‍ക്കുന്ന കര്‍ഷകനെ വീണ്ടും ദ്രോഹിക്കുന്നതും ക്രമേണ ഹൈറേഞ്ചിലെ കര്‍ഷകരെ പടിപടിയായി കുടിയിറക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അനേകം പേര്‍ ഹൈറേഞ്ചില്‍ നിന്നും ഉള്ള സമ്പാദ്യം വിറ്റു കുടിയിറങ്ങേണ്ട ഗതികേടിലാണ് ഇവര്‍. വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍തന്നെ ഭക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പകരം വനത്തിനു പുറത്തിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജില്ലയില്‍ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ജനസംഖ്യ ഗണ്യമായി കുറയുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതി വിശേഷമാണുള്ളത്. ഈ വിഷയങ്ങളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഔപചാരികമായ തുടക്കം കഞ്ഞിക്കുഴി പഞ്ചായത്തില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും ഇതു വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!