ChuttuvattomThodupuzha

കേരള ഭൂപതിവ് ഭേദഗതി ബില്‍ മലയോരത്തിന്റെ മാഗ്‌നാകാര്‍ട്ട: എല്‍.ഡി.എഫ്

തൊടുപുഴ: കേരള ഭൂപതിവ് ഭേദഗതി നയത്തിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫും നടത്തുന്ന ഹര്‍ത്താലും സമരങ്ങളും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന്‍ പറഞ്ഞു. 1960 ലെ ഭൂമി പതിച്ച് കൊടുക്കല്‍ നിയമത്തിലാണ് ഭേദഗതി. ഇതിലെ നാലാം വകുപ്പിന് ശേഷം, പതിച്ചുകൊടുക്കപ്പെട്ട ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്നതിന് നിലവില്‍ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും ക്രമവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കും. ഈ തീരുമാനം മലയോരത്ത് മാറ്റങ്ങളുടെ തുടക്കം കുറിക്കലാണ്. 1964ലെ ഭൂനിയമവും ചട്ടവും 1993 ലെ പ്രത്യേക ഭൂപതിവ് ചട്ടവും പ്രകാരം കര്‍ഷകന് കൈവശം നല്‍കിയിട്ടുള്ള ഭൂമി – വീട്, കൃഷി എന്നീ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇതോടെ ഇത്തരം പട്ടയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നിശ്ചലമായിരുന്നു. ടൂറിസം, വസ്തു, വ്യാപാര രംഗങ്ങളിലും ചെറുകിട നിര്‍മാണത്തിനും ഉള്‍പ്പെടെ ഭൂമി ഉപയോഗത്തിന് തടസമുണ്ടായി.

കോണ്‍ഗ്രസ് തല്‍പര കക്ഷികള്‍ക്കായി കോടതിയെ സമീപിച്ചതാണ് ഭൂപ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം. ഇതോടൊപ്പം കെ.ഡി.എച്ച് വില്ലേജില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന നിര്‍മാണ നിയന്ത്രണം 1964 ചട്ടപ്രകാരമാണ് കേരളം മുഴുവന്‍ ബാധകമാക്കിയത്. മുന്‍ പഞ്ചായത്തംഗവും ബൈസണ്‍വാലി സ്വദേശിയുമായ കോണ്‍ഗ്രസ് നേതാവ് ലാലി ജോര്‍ജ് കോടതിയില്‍ പോയതിന് പിന്നില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും അറിവുണ്ട്. ഈ കേസില്‍ കോണ്‍ഗ്രസുകാര്‍ക്കായി വാദിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എ തന്നെയാണ് ഭൂനിയമ ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ക്രമപ്രശ്‌നം ഉന്നയിക്കുകയും അവതരണം തടസപ്പെടുത്താന്‍ ശ്രമിച്ചതും. നിയമസഭാ അംഗങ്ങള്‍ക്ക് ബില്ലിന്റെ പ്രിന്റ്‌ചെയ്ത കോപ്പിയും 15-ാം തീയതി ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ ബില്ല് കൊണ്ടുവരുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടും ബില്ല് അവതരിപ്പിക്കുമ്പോള്‍ യു.ഡി.എഫിലെ ആറ് അംഗങ്ങള്‍ മാത്രമാണ് സഭയില്‍ ഇരുന്നത്. ജില്ലയില്‍ നിന്നുള്ള ഏക യു.ഡി.എഫ് പ്രതിനിധി പി.ജെ ജോസഫ് പോലും ഹാജരാകാതിരുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്. കഴിഞ്ഞ നിയമസഭാ കാലയളവില്‍ കര്‍ഷകര്‍ക്ക് അനുകൂലമായി ഭൂപതിവ് ബില്‍ ഭേദഗതി ചെയ്യുന്നത് ചര്‍ച്ച ചെയ്യാതിരിക്കാന്‍ നിയമസഭ തന്നെ നിര്‍ത്തിവയ്ക്കാന്‍ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയതാണ് പ്രതിപക്ഷം. ഭൂപതിവ് ചട്ടങ്ങള്‍ സമഗ്രമായി ഭേദഗതി ചെയ്തിട്ടും ബില്ലിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ജില്ലയിലെ യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭൂപതിവ് ഭേദഗതി ബില്ല് പാസായതിലൂടെ പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്. നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ക്രമപ്പെടുത്തുന്നത് നിര്‍മാണ മേഖലയിലെ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമാകും. പുതിയ നിര്‍മാണങ്ങള്‍ക്കും അവസരം ഒരുക്കുന്നതോടെ മറ്റു ജില്ലകളില്‍ നടക്കുന്നതുപോലെ ഇടുക്കിയിലും നിര്‍മാണം സാധ്യമാകുമെന്നും കെ.കെ. ശിവരാമന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!