Newdelhipolitics

കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് കേരളത്തിന്റെ പ്രതിഷേധം

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ ഇന്ന് പ്രതിഷേധ ധര്‍ണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എല്‍ ഡി എഫ് എം എല്‍ എമാരും എം പിമാരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസില്‍ നിന്നും മാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തര്‍ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള മുതിര്‍ന്ന സി പി എം നേതാക്കളും ഡി എം കെ, എ എ പി പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഇന്നലെ കര്‍ണാടകത്തിലെ നേതാക്കള്‍ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക.

ആരെയും തോല്‍പ്പിക്കാനല്ല, അതിജീവനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യമാണെന്നും ആരേയും തോല്‍പ്പിക്കാനല്ല സമരമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തെക്കുറിച്ച് പറഞ്ഞത്. ചരിത്രത്തില്‍ കീഴ്വഴക്കങ്ങളില്ലാത്ത പ്രക്ഷോഭ മാര്‍ഗം തെരഞ്ഞെടുക്കേണ്ടി വന്നു. ഒരാളെയും തോല്‍പ്പിക്കുക എന്ന ലക്ഷ്യം സമരത്തിന് ഇല്ല. അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യമാകെ കേരളത്തോടൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷ. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം നല്‍കരുത്. സഹകരണ ഫെഡറലിസം എന്ന ആശയം ഈയടുത്ത് കേന്ദ്ര നന്ദപടികളിലൂടെ നഷ്ടപ്പെട്ടു. ബി ജെ പി ഭരിക്കുന്ന 17 സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന് ലാളനയാണ്. എന്‍ ഡി എ ഇതര സര്‍ക്കരുകളോട് പീഡന നയമാണുള്ളത്. കേന്ദ്രത്തിന്റേത് ഭരണഘടനാ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ്. വായ്പാ പരിധിയില്‍ വന്‍ തോതില്‍ വെട്ടി കുറവ് വരുത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ പാര്‍ലമെന്റ്, രാഷ്ട്രപതി എന്നിവര്‍ അംഗീകരിച്ചതാണ്. എന്നാലിത് അട്ടിമറിക്കപ്പെട്ടു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. ഇല്ലാത്ത അധികാരങ്ങള്‍ കേന്ദ്രം പ്രയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

 

Related Articles

Back to top button
error: Content is protected !!