Thodupuzha

കാഡ്‌സിന്റെ നേതൃത്വത്തില്‍ അഞ്ച് പഞ്ചായത്തുകളില്‍ സമഗ്ര കാര്‍ഷിക വികസന പദ്ധതി നടപ്പാക്കും

തൊടുപുഴ: നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കാഡ്‌സിന്റെ നേതൃത്വത്തില്‍ ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, വെള്ളിയാമറ്റം, ആലക്കോട്, കുമാരമംഗലം പഞ്ചായത്തുകളില്‍ സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് രൂപം നല്‍കി. മണ്ണ് മുതല്‍ വിപണി വരെയുള്ള ഘട്ടങ്ങളില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓരോ പഞ്ചായത്തിലും 50വീതം കര്‍ഷകരെ തെഞ്ഞെടുത്തിട്ടുണ്ട്. ശാസ്ത്രീയ മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം, സംയോജിത കീട നിയന്ത്രണ മാര്‍ഗത്തിലൂടെ ജൈവോല്‍പന്നങ്ങളുടെ ഉല്‍പാദനം, വിപണനകേന്ദ്രം, കൂടുതല്‍ ഉല്‍പാദനമുള്ള വിളകള്‍ക്ക് സംസ്‌കരണ കേന്ദ്രങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് സ്വദേശി മാര്‍ക്കറ്റുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. അര മുതല്‍ അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. ഇവരുടെ കൃഷിയിടങ്ങളില്‍ സൗജന്യമായി ബയോമാസ് ഇഞ്ചക്ഷന്‍ നടപ്പാക്കും. സസ്യങ്ങളുടെ ജൈവാവശിഷ്ടങ്ങള്‍ ഇനോക്കുലം ബാക്ടീരിയയുടെ സഹായത്തോടുകൂടി കമ്പോസ്റ്റാക്കും.
സ്‌പൈസസ് ബോര്‍ഡ് ഓരോ കൃഷിയിടത്തിലെയും മണ്ണ് സൗജന്യമായി പരിശോധിച്ച് പ്രാഥമിക മൂലകങ്ങള്‍ മുതല്‍ സൂക്ഷ്മ മൂലകങ്ങള്‍ വരെയുള്ളവയുടെ സാന്നിധ്യവും കുറവുള്ളവയ്ക്ക് പരിഹാരവും നിര്‍ദ്ദേശിക്കും. ഓരോ കൃഷിയിടത്തെയും ഓരോ യൂണിറ്റുകളായി തിരഞ്ഞെടുത്ത് കൃഷിയിട വികസന രൂപരേഖ തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിത്തുകളും തൈകളും നല്‍കും. ഒപ്പം ഓരോ കൃഷിയിടത്തിലെയും മുന്തിയ ഉത്പാദനക്ഷമതയും പ്രതിരോധശേഷിയുമുള്ള ചെടികളും വിത്തുകളും ശേഖരിച്ച് വിതരണം ചെയ്യും. ഇതിലൂടെ അധിക വരുമാനം കര്‍ഷകര്‍ക്ക് ലഭ്യമാകും. ഓരോ പഞ്ചായത്തിലും അംഗങ്ങളായ കര്‍ഷകരുടെ മാത്രം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന പ്രാദേശിക വിപണികളും രൂപപ്പെടുത്തും. മിച്ചം വരുന്നവ കാഡ്‌സിന്റെ തൊടുപുഴ, എറണാകുളം കേന്ദ്രങ്ങളിലൂടെ വില്‍ക്കും.
ആദ്യഘട്ടത്തില്‍ അഞ്ച് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പദ്ധതി തുടര്‍ന്ന് മറ്റു പഞ്ചായത്തിലേക്ക് വ്യാപിക്കും. പദ്ധതിയുടെ ഫീല്‍ഡ്തല സര്‍വേയും ബയോമാസ് ഇഞ്ചക്ഷനും ഏപ്രില്‍ അവസാനവാരവും മണ്ണുപരിശോധന മെയ് മാസത്തിലും ആരംഭിക്കും. കര്‍ഷകര്‍ രജിസ്‌ട്രേഷനു വേണ്ടി 9567833354 എന്ന നമ്പറില്‍ വിളിക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജേക്കബ് മാത്യു, ഡയറക്ടര്‍മാരായ കെ.എം. മത്തച്ചന്‍, കെ.എം. ജോസ് തടത്തില്‍, പ്രൊജക്ട് ഓഫീസര്‍ വി.സി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!