IdukkiThodupuzha

ജില്ലയിൽ ഡോക്ടർമാരുടെ സമരം ശക്തം; ആശുപത്രികൾ സ്തംഭിച്ചു

തൊടുപുഴ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ സർക്കാർ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ചതോടെ ഇന്നലെ ഇടുക്കി ഗവ. മെഡിക്കൽ കോളേജടക്കമുള്ള എല്ലാ സർക്കാർ ആശുപത്രികളും സ്തംഭിച്ചു. അത്യാഹിത വിഭാഗമൊഴികെ മറ്റുവിഭാഗങ്ങളൊന്നും പ്രവർത്തിച്ചില്ല. പെട്ടെന്ന് പ്രഖ്യാപിച്ച സമരത്തിൽ ദൂരദേശങ്ങളിൽ നിന്ന് ചികിത്സതേടിയെത്തിയ നൂറുകണക്കിന് രോഗികൾ വലഞ്ഞു. അക്രമം ആവർത്തിക്കപ്പെടുന്നത് ഇടുക്കി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സുരക്ഷിതരല്ലായെന്ന ആശങ്ക ഡോക്ടർമാർ പ്രതിഷേധത്തിൽ ഉയർത്തിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ ഒരു പൊലീസ് ഔട്ട്പോസ്റ്റോ നിരീക്ഷണ ക്യാമറയോ പോലുമില്ല. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് ഔട്ട്പോസ്റ്റുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് പൊലീസുണ്ടാകുക. ജില്ലയിലെ ബാക്കിയുള്ള താലൂക്ക് ആശുപത്രികളിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും അവസ്ഥ ഇതിലും മോശമാണ്. രാത്രിയിൽ ഡ്യൂട്ടി നോക്കുന്ന ഡോക്ടർമാരാണ് കൂടുതലായും ആക്രമങ്ങൾക്ക് ഇരയാകുന്നത്. ഇതിന് പ്രധാന കാരണം രാത്രികാലങ്ങളിൽ ആശുപത്രി വിജനമായിരിക്കുമെന്നതാണ്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം കുറവായിരിക്കും. രാത്രികാലങ്ങളിൽ രോഗിക്കൊപ്പം വരുന്നവരിൽ മദ്യപിച്ചവരുമുണ്ടാകും. കൂട്ടത്തിലൊരാൾ ഡോക്ടർക്ക് നേരെ തിരിഞ്ഞാൽ ബാക്കിയുള്ളവരും കൂടെ കൂടും. ഇത്തരം സംഭവങ്ങൾ ചെറുതോണി, അടിമാലി, കട്ടപ്പന എന്നിവിടങ്ങളിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളേക്കാൾ ഡോക്ടർമാർക്കെതിരെ സംഘർഷമുണ്ടാകുന്നത് സർക്കാർ ആശുപത്രികളിലാണ്. സ്വകാര്യ ആശുപത്രികളിൽ സെക്യൂരിറ്റിമാരടക്കമുള്ള ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടാകും. പൊലീസോ നിരീക്ഷണ ക്യാമറയോ ഇല്ലാത്തതിനാൽ പല സർക്കാർ ആശുപത്രി പരിസരങ്ങളും സാമൂഹ്യവിരുദ്ധരുടെയും താവളമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!