Thodupuzha

ലോറിസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി വര്‍ക്ഷോപ്പ് ഒരു മാസത്തിനകം മാറ്റാന്‍ തീരുമാനം

തൊടുപുഴ: നഗരസഭയുടെ ലോറിസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി വര്‍ക്ഷോപ്പ് ഒരു മാസത്തിനകം മാറ്റാന്‍ തീരുമാനം. കെ.എസ്.ആര്‍.ടി.സി പുതിയ സ്റ്റാനന്റിലേയ്ക്ക്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടും ലോറി സ്റ്റാന്റ് വിട്ടുകിട്ടാത്തതിനെതിരെ ലോറി തൊഴിലാളികള്‍ വ്യാഴാഴ്ച സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നഗരസഭ ചെയര്‍മാന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണയായത്. അതുവരെ ലോറി സ്റ്റാന്റില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം തിരിച്ചുനല്‍കും. ലോറിസ്റ്റാന്റ് 10 വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയുടെ കൈവശമാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് പുതിയ ഡിപ്പോയിലേക്ക് മാറ്റിയിട്ടും വര്‍ക്ക് ഷോപ്പ് ലോറി സ്റ്റാന്റില്‍ തുടര്‍ന്നു. ലോറി സ്റ്റാന്റ് രണ്ടുവര്‍ഷത്തേക്ക് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ സാഹചര്യത്തിലാണ് ലോറികള്‍ കാഞ്ഞിരമറ്റം ബൈപാസിന്റെ ഇരുവശത്തുമായി പാര്‍ക്ക് ചെയ്തുവന്നത്. തുടര്‍ന്ന്, ഈ റോഡില്‍ അപകടം നിത്യസംഭവമായി. സി.ഐ.ടി.യു ലോറി തൊഴിലാളി യൂണിയന്‍ നഗരസഭ ചെയര്‍മാനും കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒക്കും 10 ദിവസം മുന്‍പ്‌ നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വ്യാഴാഴ്ച രാവിലെ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.എം. ബാബുവിന്റെ നേതൃത്വത്തില്‍ ലോറികള്‍ സ്റ്റാന്റില്‍ കയറ്റിയിട്ട് സമരം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യൂണിയന്‍ നേതാക്കളെയും കെ.എസ്.ആര്‍.ടി.സി അധികൃതരെയും ചര്‍ച്ചക്ക് വിളിച്ചത്. സമര പ്രഖ്യാപന യോഗത്താല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.എം. ബാബു സമരം ഉദ്ഘാടനം ചെയ്തു. എം.എസ്. സന്തോഷ്, റിയാസ്, സൈഫര്‍, ഷാജി, കബീര്‍ ഇബ്രായി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!