Thodupuzha

കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷം; മൂന്ന് പേര്‍ റിമാന്‍ഡില്‍

തൊടുപുഴ:അല്‍ അസ്ഹര്‍ ലോ കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.അഞ്ചാം വര്‍ഷം ബി.എ എല്‍.എല്‍.ബി വിദ്യാര്‍ഥികളായ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റും ഏരിയാ സെക്രട്ടറിയുമായ മുതലക്കോടം അണ്ണാടിക്കണ്ണം ചാലില്‍ ജോയല്‍ (24), എസ്.എഫ്.ഐ യൂണിറ്റ് ജോയിന്റെ സെക്രട്ടറി കാസര്‍കോട് പാണത്തൂര്‍ ചാമുണ്ഡിക്കരയില്‍ ഗവ. സ്‌കൂളിന് സമീപം പുലിപ്രംകുന്നേല്‍ അശ്വന്ത് പത്മന്‍ (22), രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയും ഡിവൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ പെരുമ്പിള്ളിച്ചിറ പുതുച്ചിറ കളപ്പുരയ്ക്കല്‍ തന്‍വീര്‍ ജബ്ബാര്‍ (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയിലാണ് മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ക്യാമ്പസില്‍ വ്യാഴാഴ്ച ഉച്ചയ്ക്കുണ്ടായ എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റിലായത്. കെ.എസ്.യു ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ നിതിന്‍ ലൂക്കോസ് കോളജ് തുറന്ന ദിവസം നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇടുക്കി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ച കേസില്‍ പ്രതിയായ നിതിന്‍ ലൂക്കോസിനെ കോളജില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിലപാടെടുത്തതോടെ ഇരു കൂട്ടരും തമ്മില്‍ കോളേജില്‍ ക്ലാസ് തുടങ്ങിയ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. അന്ന് ഏറ്റുമുട്ടിയ ഇരുവിഭാഗം വിദ്യാര്‍ത്ഥികളും ഇതേച്ചൊല്ലി വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും ഏറ്റു മുട്ടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കെ.എസ്.യു പ്രവര്‍ത്തകര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ താമസ സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ അമ്പതോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ഉപരോധ സമരം നടത്തി. ഇതിന്റെ പേരിലും മൂന്നു പേര്‍ക്കെതിരെ കേസെടുത്തതായി ഡിവൈ.എസ്.പി എം.ആര്‍.മധുബാബു പറഞ്ഞു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരു കെ.എസ്.യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും ഏതാനും പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!