ChuttuvattomMoolammattam

അക്ഷരമുറ്റത്ത് അച്ചടക്കത്തോടെ കുടുംബശ്രീ പ്രവർത്തകർ

തൊടുപുഴ: പ്രവർത്തനം ആരംഭിച്ച് ഇരുപത്തിയഞ്ച് വർഷം പൂർത്തീകരിച്ച കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ “തിരികെ സ്കൂളിലേക്ക് “എന്ന പരിപാടിയിലൂടെ അയൽകൂട്ട പ്രവർത്തകർ അക്ഷരമുറ്റത്തെത്തിയത് വേറിട്ട കാഴ്ചയായി. മൂലമറ്റം ഐഎച്ച്ഇപി യുപി സ്കൂളിൽ സംഘടിപ്പിച്ച തിരികെ സ്കൂളിലേക്ക് പരിപാടിയുടെ ഉദ്ഘാടനം അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് വിനോദ് നിർവ്വഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ നിസ ജോൺസൺ അധ്യക്ഷത വഹിച്ചു.സ്കൂളിൽ സെറ്റും മുണ്ടും യൂണിഫോമാക്കി മാറ്റിയാണ് പ്രായം ഏറെയായവർ മുതൽ യുവതികൾ വരെ എത്തിച്ചേർന്നത്. ഒരേ കളറുള്ള സാരികൾ ധരിച്ച് ക്ലാസ്സ് ലീഡർമാരെ പോലെ എഡിഎസ് അംഗങ്ങളും, വയലറ്റ് സാരി അണിഞ്ഞ് അധ്യാപികമാരായി സിഡിഎസ് അംഗങ്ങളും എത്തിച്ചേരുകയായിരുന്നു.

പതിനാലാം വാർഡിലെ 17 അയൽകൂട്ടങ്ങളിലെ അംഗങ്ങളും, ഈ പരിപാടികൾ നടന്ന വാർഡിലെ ക്ലാസ്സിൽ എത്താൻ കഴിയാതിരുന്നവരുമാണ് മൂലമറ്റം സ്കൂളിൽ പഠിക്കാനെത്തിയത്.പതിനാലാം വാർഡ് സിഡിഎസ് മെമ്പർ ബിന്ദു മുരുകൻ ബാല്യകാല ഓർമ്മകൾ ഉണർത്തി സ്കൂൾ ബെല്ലടിച്ചപ്പോൾ ഓരോ ഗ്രൂപ്പുകളും അച്ചടക്കത്തോടെ അസംബ്ലിയിൽ നിരനിരയായി അണിനിരന്നു.റിസോഴ്സ് പേഴ്സൺമാരായ സിഡിഎസ് അംഗങ്ങൾ കുടുംബശ്രീയുടെ അനുഭവപാഠങ്ങൾ, അയൽകൂട്ടത്തിൻ്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ, ജീവിതഭദ്രത, നമ്മുടെ സന്തോഷം, പുതിയ അറിവുകൾ, പുതിയ ആശയങ്ങൾ,ഡിജിറ്റൽ കാലം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. ഇടവേള, ഉച്ചഭക്ഷണം തുടങ്ങി പഴയ കാല സ്കൂൾ ജീവിതത്തെ തിരികെ കൊണ്ടുവരുന്ന വ്യത്യസ്തതയാർന്ന രീതിയിലാണ് ക്ലാസ്സ് അവസാനിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ കുടുംബശ്രീ സന്ദേശം കൈമാറി. വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ ഷിബു ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ സുശീല ഗോപി, പഞ്ചായത്തംഗം ഓമന ജോൺസൻ, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ വത്സ സതീശൻ, പതിനാലാം വാർഡ് എഡിഎസ് പ്രസിഡന്റ് ബിജി വേലുക്കുട്ടൻ, കുടുംബശ്രീ ഓഡിറ്റർ ലൈജ ബിജുകുമാർ എന്നിവർ പ്രസം​ഗിച്ചു.

 

Related Articles

Back to top button
error: Content is protected !!